മറയൂർ: പള്ളനാട്ടിൽ വീണ്ടും കാട്ടു പോത്ത് ആക്രമണം. കാട്ടുപോത്തിനെ കണ്ട് രണ്ട് യുവാക്കൾ മരത്തിൽ കയറിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശേഖർ (52), മാരിയപ്പൻ (53) എന്നിവരാണ് രക്ഷപ്പെട്ടത്. ഇതിൽ മാരിയപ്പനെ മരത്തിൽ കയറുന്നതിനിടെ പോത്ത് പുറകുവശത്ത് കുത്തിയതിനെ തുടർന്ന് നിസാര പരുക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മാരിയപ്പന്റെ തോട്ടത്തിലേക്ക് വെള്ളം തിരിക്കാൻ ഹോസ്‌ കുത്തുമ്പോൾ കാട്ടുപോത്ത് ചീറി പാഞ്ഞെത്തി. അപ്പോഴേക്കും ശേഖർ മരത്തിൽ കയറി. മാരിയപ്പൻ മരത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പുറകുവശത്ത് കാട്ടുപോത്ത് കുത്തിയത്. നിസാര പരിക്കേറ്റ മാരിയപ്പൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ജനവരി 24 നാണ് പള്ളനാട്ടിൽ കൃഷിത്തോട്ടത്തിൽ കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. തുടർന്ന് വനംവകുപ്പ് കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് ഓടിക്കാനുള്ള ശ്രമം നടത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല.