ഒളമറ്റം: മാസങ്ങൾക്ക് മുമ്പ് ടെൻഡറായി എഗ്രിമെന്റ് വച്ച പെരുക്കോണി റോഡിന്റെ ടാറിംഗ് പണി വൈകിപ്പിച്ച്, നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് പെരുക്കോണി കൂട്ടായ്മയുടെ നേതൃത്വത്തിൽ വെയ്‌റ്റിംഗ് ഷെഡിൽ പ്രതിഷേധ ധർണ നടത്തി. പെരിക്കോണി നിവാസികൾ കുടുംബ സമേതം പങ്കെടുത്ത ധർണ അസോസിയേഷൻ പ്രസിഡന്റ് പി.എൻ. അബി ഉദ്ഘാടനം ചെയ്തു. നിരവധി തവണ പരാതി നൽകിയിട്ടും റോഡ് ടാർ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. റോഡിന് ഇരുവശങ്ങളിലും മെറ്റൽ ഇറക്കി ഇട്ടിട്ട് ആഴ്ചകളായി. ഇതുവരെ കോൺക്രീറ്റ് ചെയ്യാനോ റോഡ് ടാർ ചെയ്യുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ടാർ ചെയ്തതിനാൽ പൊടി ശല്യം മൂലം ജനങ്ങൾ ബുദ്ധിമുട്ടിലാണ്. വാഹനങ്ങൾ ഓടിക്കാൻ സാധിക്കുന്നില്ല. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.