ഇടുക്കി: മലയോര ഹൈവേയുടെ ഭാഗമായ മേരികുളം മുതൽ നരിയമ്പാറ വരെയുള്ള ഭാഗം അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നതിന് തുക അനുവദിച്ച് ടെണ്ടർ നടപടികൾ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ആദ്യഘട്ടമായി 12.7 കിലോമീറ്റർ നിർമ്മാണം നടത്തുന്നതിന് 56.72 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 12 മീറ്റർ വീതിയിൽ റോഡ് നവീകരിച്ച് ഏഴ് മീറ്റർ വീതിയിൽ ബി.എം & ബി.സി നിലവാരത്തിലുള്ള ടാറിംഗാണ് നടത്തുക. പീരുമേടിനെയും ദേവികുളത്തെയും തമ്മിൽ ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന മലയോര പാതകൂടിയാണിത്. രണ്ടാം ഘട്ടമായി നരിയംപാറ മുതൽ കട്ടപ്പന വരെ പുനർനിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി നൽകിയിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിന്റെ അഭ്യർത്ഥന പ്രകാരം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് ചേർന്ന നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവർത്തികളുടെ പുരോഗതി സംബന്ധിച്ച അവലോകന യോഗത്തിൽ പ്രഥമപരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട റോഡ് കൂടിയാണിത്. റോഡ് കടന്നുപോകുന്ന പല മേഖലകളിലും ആവശ്യമായ വീതി ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പ്രത്യേക സർവേ ടീമിനെ ജില്ലാ കളക്ടർ നിയമിച്ചിരുന്നു.