പീരുമേട് : അഴുത ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ നഷ്ടപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം നൗഷാദ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2020ൽ നേടിയ ഐഎസ്ഒ സർട്ടിഫിക്കേഷൻ ഓഡിറ്റ് നടത്തി പുതുക്കാത്തതിനാൽ നഷ്ടമാക്കി എന്ന തരത്തിലാണ് പ്രചരണം ഉണ്ടായത്. നിലവിലുള്ള സർട്ടിഫിക്കേഷൻ മൂന്നുവർഷത്തേക്ക് ആയതിനാൽ 2023 ജനുവരി അഞ്ച് വരെ കാലാവധിയുണ്ട്. അധിക നിലവാരം ഏർപ്പെടുത്തി പ്രതിവർഷം ഉള്ള ഓഡിറ്റ് സംവിധാനം വഴി പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് കൊവിഡ് പശ്ചാത്തലത്തിൽ സാധിക്കാതെ വന്നു. നടപ്പുവർഷ പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൽ റെക്കോർഡ് റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണ്.
അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും, ഫ്രണ്ട് ഓഫീസ് സജ്ജമാക്കിയും, പേപ്പർ രഹിത ഓഫീസ് പ്രവർത്തനം സാധ്യമാകും വിധം ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ശ്രമിക്കുന്നത്. .വിവിധ സ്ഥാപനങ്ങൾ കൂടി ഐഎസ്ഒ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനും ഭരണസമിതി ശ്രമിക്കുന്നതായും പ്രസിഡന്റ് അറിയിച്ചു.