നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിൽ പുറകിൽ നിന്ന് വന്ന ബൈക്ക് സ്കൂട്ടറിന്റെ പിന്നിലിടിച്ച് യാത്രികന് പരിക്ക്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെറിച്ച് ചെന്ന് സമീപത്തെ കടയിൽ നിന്ന് ഇറങ്ങിയ വന്ന കാറിലും ഇടിച്ചു. സ്‌കൂട്ടർ ഓടിച്ച നെടുങ്കണ്ടം അന്നാ ഹോട്ടൽ ഉടമ കട്ടകയത്തിൽ ബൈജുവിനാണ് പരിക്കേറ്റത്. നാട്ടുകാർ ഉടൻതന്നെ ഇയാളെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. പടിഞ്ഞാറെക്കവലയിൽ നിന്നെത്തിയ ബൈജു ഹോട്ടലിന്റെ മുമ്പിൽ എത്തിയപ്പോഴാണ് പിന്നിൽ നിന്ന് ബൈക്ക് ഇടിക്കുന്നത്. ഈ സമയം സമീപത്തെ പച്ചക്കറി കടയിൽ നിന്ന് ഇറങ്ങി വന്ന മാവടി സ്വദേശി എബിന്റെ കാറിലേയ്ക്ക് സ്‌കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈജു സ്‌കൂട്ടറിൽ നിന്നു തെറിച്ച് വീഴുകയായിരുന്നു. ഹെൽമറ്റ് ശരിയായ രീതിയിൽ വെച്ചതിനാൽ തലയ്ക്ക് പരിക്കേറ്റില്ല. സ്‌കൂട്ടറിന്റെയും കാറിന്റെയും മുൻവശം തകർന്നു. ഇടിച്ച ബൈക്കുകാരൻ നിറുത്താതെ മുന്നോട്ട് പോയെങ്കിലും അർബൻ ബാങ്കിന്റെ മുമ്പിൽ വെച്ച് മറിഞ്ഞ് വീണു. തുടർന്ന് വണ്ടി എടുത്തുകൊണ്ട് ഉടൻ തന്നെ പോവുകയും ചെയ്തു.