ഇടുക്കി: ഓൺലൈൻ പഠനത്തിന് അർദ്ധ വിരാമമിട്ട് സംസ്ഥാനത്ത് സ്‌കൂളുകളിൽ അദ്ധ്യയനം പുനരാരംഭിച്ചു. സ്‌കുളുകളിൽ പ്രൈമറി തലം മുതൽ ക്ലാസുകൾ ആരംഭിച്ചു. സ്‌കൂളുകൾക്ക് പുറമെ അങ്കണവാടികളും പ്രവർത്തിച്ചു തുടങ്ങി. സാനിറ്റൈസർ, സോപ്പ്, കൈകഴുകാൻ വെള്ളം, സാമൂഹിക അകലം തുടങ്ങി എല്ലാവിധ കോവിഡ് മുൻകരുതലുകളും സ്വീകരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. അങ്കണവാടികളിൽ 50 ശതമാനം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചാണ് ക്ലാസുകൾ നടക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി രണ്ട് ബാച്ച് വീതമാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ മുതൽ ഉച്ചവരെയാണ് പ്രീപ്രൈമറി തലം ക്ലാസുകൾ. കൊവിഡ് വ്യാപനതോത് കുറഞ്ഞതോടെയാണ് വീണ്ടും സ്‌കൂളുകൾ തുറന്നത്. സർക്കാർ നിർദേശങ്ങളും കൊവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് അങ്കണവാടികളും സ്‌കൂളുകളുടെയും പ്രവർത്തനം. ക്ലാസ് മുറകളിലെ പഠനത്തിന് പുറമെ വൈകിട്ട് ഓൺലൈൻ ക്ലാസുകളും അദ്ധ്യാപകർ ഒരുക്കിയിട്ടുണ്ട്.
17524 കുട്ടികൾ വാക്സിനെടുത്തു
15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് നൽകുന്ന വാക്‌സിനേഷൻ പത്താം തരം വരെ പഠിക്കുന്ന 18982 കുട്ടികളിൽ 17524 കുട്ടികൾക്ക് ഇതുവരെ ലഭ്യമാക്കി. ജില്ലയിൽ നിലവിൽ 107 കുട്ടികൾക്കും 52 അദ്ധ്യാപകർക്കും ഒമ്പത് അനദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.