വള്ളക്കടവിലെ വീട്ടിലെത്തിയ സംഘം മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു
കട്ടപ്പന: നഗരത്തിലും പരിസര പ്രദേശങ്ങളിലും ദളിത് സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവ്. നാലംഗ സംഘമാണ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങുന്നതായി പരാതി ഉയർന്നിരിക്കുന്നത്. പ്രമുഖ സംഘടനയുടെ പേരിൽ രസീത് അടക്കം വ്യാജമായി നിർമ്മിച്ചാണ് പണം തട്ടുന്നത്. കഴിഞ്ഞ ദിവസം വള്ളക്കടവിലെ വീട്ടിലെത്തിയ നാലംഗ സംഘം മുറ്റത്തെ കസേരയിൽ വച്ചിരുന്ന വീട്ടുടമസ്ഥന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞതായി പരാതി ഉയർന്നു. തുടർന്ന് നാട്ടുകാർ ഇവരെ പിന്തുടർന്നാണ് ഫോൺ തിരികെ വാങ്ങിച്ചത്. കഞ്ചാവ് കേസിൽ ഉൾപ്പെട്ടയാളും ഈ സംഘത്തിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ദളിത് സംഘടനയുടെ സംസ്ഥാന പ്രവർത്തന ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ടാണ് സംഘം കട്ടപ്പനയിലെയും മറ്റ് ടൗണുകളിലെയും സ്ഥാപനങ്ങളിൽ എത്തിയത്. പണം നൽകാൻ മടി കാണിച്ചാൽ ഭീഷണി സ്വരത്തിലും ഇക്കൂട്ടർ സംസാരിക്കും. ഇവർ രണ്ട് മാസം മുമ്പ് ചികിത്സാ സഹായ നിധിയെന്ന പേരിലും തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്. പണം നൽകിയ ആരും രേഖാ മൂലം പരാതി നൽകിയിട്ടില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.