കട്ടപ്പന: അണക്കര ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. യജ്ഞത്തിന് മുന്നോടിയായി ശ്രീകൃഷ്ണ വിഗ്രഹങ്ങളുമായി സുൽത്താൻകടയിൽ നിന്ന് ആരംഭിച്ച വിഗ്രഹ വിളംബര ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. യജ്ഞശാലയിൽ വിഗ്രഹ പ്രതിഷ്ഠക്ക് ശേഷം യജ്ഞാചാര്യൻ തിരുവെങ്കിടപുരം ഹരികുമാറിന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് സി. അജികുമാർ സ്വീകരണം നൽകി. അഡ്വ. പി.ആർ. കരികാലൻ ഭദ്രദീപം തെളിയിച്ചു. ട്രസ്റ്റ് ഖജാൻജി മനോജ് തകിടിയേൽ ഭാഗവത സമർപ്പണം നടത്തി. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടന്നു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ഭാഗവത പാരായണം, വരാഹാവതാരം, ഭാഗവത പുരാണ സമീക്ഷ എന്നിവയും നടന്നു.