തൊടുപുഴ: വൈദ്യുതി നിരക്ക് വർദ്ധന മുന്നിൽക്കണ്ട് അനെർട്ടിന്റെ 'സൗരതേജസ്' പുരപ്പുറ സൗരോർജ്ജ പദ്ധതിയ്ക്ക് ആവശ്യക്കാരേറുന്നു. മേൽക്കൂരയിലെ സൂര്യപ്രകാശത്തിൽ നിന്നും സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നതിലൂടെ വില കൊടുത്ത് വാങ്ങുന്ന വൈദ്യുതി ലാഭിക്കാനാകുമെന്നതാണ് മുഖ്യആകർഷണം. കെ.എസ്.ഇ.ബിയുമായി ഇത് ബന്ധിപ്പിക്കുന്നതിലൂടെ സോളാർ പ്ളാന്റ് സ്ഥാപിക്കുന്ന വീട്ടിലേയോ കെട്ടിടത്തിലേയോ വൈദ്യുതാവശ്യം നിറവേറ്റാം. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നൽകാം. അങ്ങനെ നൽകുന്ന വൈദ്യുതിയുടെ വില ഗുണഭോക്താവിന് സ്വന്തം ബില്ലിൽ കുറവ് ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റുന്ന രണ്ടു പദ്ധതിക്കും ആവശ്യക്കാരുണ്ട്. ഇതിന് 60 ശതമാനമാണ് സബ്‌സിഡി. കൃഷി ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ഊർജ്ജമിത്ര കേന്ദ്രങ്ങൾ, അനെർട്ട് ജില്ലാ ഓഫീസ്, അക്ഷയകേന്ദ്രം എന്നിവയുടെ സഹായത്തോടെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചാൽ ഏഴ് ദിവസത്തിനകം സാദ്ധ്യതാ പരിശോധന നടക്കും. കർഷകന്റെ ഉപയോഗം കഴിഞ്ഞുള്ള സമയത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി, കെ.എസ്.ഇ.ബിയ്ക്ക് നൽകാം. അധിക വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന തുകയും ഗുണഭോക്താവിന് ലഭിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലുമുള്ള ഊർജ്ജമിത്ര സബ് സെന്റർ ഇത്തരം പദ്ധതികളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. അനെർട്ടിന്റെ പരിശീലനം ലഭിച്ചവരാണ് ഈ കേന്ദ്രങ്ങളിലുള്ളത്. രജിസ്‌ട്രേഷൻ അടക്കമുള്ള നടപടികൾ ഈ കേന്ദ്രം വഴി നടത്താം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 04862 233252, 9188119406.
പ്രതിദിനം എട്ട് യൂണിറ്റ് വരെ
മാസം 200 യൂണിറ്റാണ് വേണ്ടതെങ്കിൽ രണ്ട് കിലോവാട്ട് പ്ളാന്റ് മതിയാകും.
ഒരു കിലോവാട്ടിൽ നിന്ന് നാല് യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. രണ്ട് കിലോവാട്ട് മുതൽ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 40 ശതമാനവും 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റുകൾക്ക് 20 ശതമാനവുമാണ് സബ്സിഡി.