
മൂന്നാർ: പള്ളിവാസൽ ഗ്രാമ പഞ്ചായത്തിലെ കരടിപ്പാറ വ്യൂ പോയിന്റിൽ നിർമ്മിക്കുന്ന വഴിയിട വിശ്രമ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി പ്രതീഷ്കുമാർ നിർവ്വഹിച്ചു. റ്റേയ്ക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വരുന്ന വിവിധ വിനോദ സഞ്ചാര പോയിന്റുകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിവാസൽ പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ കരടിപ്പാറ വ്യൂ പോയിന്റിൽ റ്റേയ്ക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വഴിയിട വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്.
മേയ് മാസത്തോട് കൂടി വിശ്രമ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു നൽകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. തറക്കല്ലിടൽ ചടങ്ങിന് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ലത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.എ നിസാർ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പഴമയുടെ പെരുമയുമായി
മൂന്നാറിൽ ആദ്യകാലത്ത് ഓടിയിരുന്ന തീവണ്ടിയുടെ മാതൃകയിലാണ് വിശ്രമകേന്ദ്രം നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപയും ശുചിത്വ മിഷനിൽ നിന്നുമുള്ള പത്തുലക്ഷം രൂപയും ചേർത്ത് ഇരുപത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. വനിതകൾക്കും പുരുഷൻമാർക്കുമായുള്ള പ്രത്യേക ശുചിമുറികൾ, റ്റി കഫേ തുടങ്ങിയ സംവിധാനങ്ങൾ വിശ്രമകേന്ദ്രത്തിൽ ഒരുക്കും.