തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺമക്കൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അച്ഛന് 21 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടയ്ക്കാത്ത പക്ഷം എട്ട് മാസം കൂടി തടവ് അനുഭവിക്കണം. തൊടുപുഴ പോക്‌സോ പ്രത്യേക കോടതി ജഡ്ജി നിക്‌സൺ എം. ജോസഫാണ് ശിക്ഷ വിധിച്ചത്. കാളിയാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2020 ജൂൺ 19ന് കുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ തന്നെ ശാരീരികമായി ആക്രമിക്കുന്നതായും കാട്ടി മുത്തശ്ശിയാണ് വനിത സംരക്ഷണ ആഫീസർക്ക് പരാതി നൽകിയത്. പിന്നാലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് പരാതി കൈമാറി. ഇവരുടെ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്ത് വരുന്നത്. പിന്നാലെ കാളിയാർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ അമ്മ ഉപേക്ഷിച്ച് പോയതാണ്. മുത്തശ്ശിയും കുട്ടികളുമൊത്ത് വീട്ടിൽ താമസിക്കവെയാണ് കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ അച്ഛൻ കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇളയ പെൺകുട്ടിയെ ഒരു വർഷത്തോളമായി ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നു. 12 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ആറ് വർഷം കഠിന തടവും 25,000 പിഴയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റകൃത്യത്തിനും പ്രതി രക്ഷാകർത്താവായതിനാലും ഇരു വകുപ്പുകളിലുമായി ആറ് വർഷം വീതം ശിക്ഷയും 25,000 വീതം പിഴയും ശിക്ഷയായി വിധിച്ചു. ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് മൂന്ന് വർഷം കഠിന തടവും പതിനായിരം പിഴയും കോടതി വിധിച്ചു. ജെ.ജെ ആക്ട് പ്രകാരം പ്രതി അച്ഛനായതിനാൽ ആറുമാസം തടവും 15,000 പിഴയുമുണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. ജില്ലാ ലീഗൽ അതോറിട്ടി രണ്ടുലക്ഷം രൂപ കുട്ടികൾക്ക് നൽകാനും വിധിയിൽ നിർദേശമുണ്ട്. കേസിൽ 17 സാക്ഷികൾ മൊഴി നൽകി, 16 രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി. കുട്ടിയുടെ സഹോദരിയുടെ പരാതിന്മേലുള്ള കേസിൽ മാർച്ച് 21ന് വിസ്താരം ആരംഭിക്കും.