മറയൂർ: അക്രമകാരിയായ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്കേറ്റു. മറയൂർ ഊഞ്ചാംപാറ ആദിവാസി കുടിയിൽ ഗാന്ധിക്കാണ് (55) ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ അക്രമകാരിയായ കാട്ടുപോത്തിനെ വനപാലകർ വനത്തിനുള്ളിലേക്ക് മടക്കി വിടാൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടുപോത്ത് ഗാന്ധിയെ കുത്തി വീഴ്ത്തിയത്. ഗാന്ധിക്ക് കൈയിലും പിന്നിലുമായി ഗുരുതര പരുക്കേറ്റു. മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശേഷം കൂടുതൽ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം പള്ളനാട്ടിൽ കൃഷിയിടത്തിലേക്ക് വെള്ളം തിരിക്കാൻ പോകുന്നതിനിടയിലാണ് മാരിയപ്പന് കാട്ടുപോത്ത് ആക്രമണത്തിനിടെ പരുക്കേറ്റത്. ജനവരി 24ന് പ്രദേശത്തുതന്നെ കൃഷിത്തോട്ടത്തിൽ താമസിച്ചിരുന്ന മംഗളംപാറ സ്വദേശി ദുരൈരാജ് കാട്ടുപോത്ത് ആക്രമണത്തിൽപ്പെട്ട് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇന്ന് വെറ്ററിനറി ഡോക്ടറെത്തി കൂടുതൽ പരിശോധനയ്ക്ക് ശേഷം കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് കടത്തിവിടാനുള്ല നടപടികൾ ആലോചിക്കുമെന്ന് ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ പറഞ്ഞു.