തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് പ്രദേശവാസികൾ കൈയേറി വല കെട്ടിയടച്ചതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ നൂറുകണക്കിന് അപേക്ഷകർ ഇതോടെ തിരികെ മടങ്ങേണ്ടി വന്നു. മോട്ടോർ വാഹന വകുപ്പിന്റെ അധീനതയിലുള്ള കോലാനി അമരംകാവിനു സമീപത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടാണ് പ്രദേശവാസികളായ ചിലർ കളി സ്ഥലമെന്ന് അവകാശപ്പെട്ട് കെട്ടിയടച്ചത്.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി (എം.വി.ഐ.പി) അധികൃതർ മോട്ടോർവാഹന വകുപ്പിന് വർഷങ്ങൾക്ക് മുമ്പ് കൈമാറിയ 22.98 സെന്റ് സ്ഥലത്താണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നത്. ഡ്രൈവിംഗ് ടെസ്റ്റിനായി രേഖാമൂലമാണ് എം.വി.ഐ.പി സ്ഥലം വിട്ടു നൽകിയത്. മോട്ടോർ വാഹന വകുപ്പ് ഇവിടെ കോൺക്രീറ്റ് നടത്തിയാണ് ടെസ്റ്റ് നടത്തുന്നത്. സ്ഥലം മറ്റാവശ്യങ്ങൾക്ക് വിട്ടു നൽകാൻ പാടില്ലെന്നും സംരക്ഷണഭിത്തി നിർമിക്കണമെന്നും എം.വി.ഐ.പി നിർദേശിച്ചിരുന്നു. എന്നാൽ ഇവിടം തങ്ങളുടെ വോളിബോൾ ഗ്രൗണ്ടാണെന്ന് അവകാശപ്പെട്ടാണ് പ്രദേശവാസികളായ യുവാക്കൾ സ്ഥലം വല കെട്ടിയടച്ചത്. കളിക്കായി ഇവിടെ നെറ്റും കെട്ടിയിരുന്നു. കളിക്കളം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും ജനകീയ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ സ്ഥലം തങ്ങളുടെ അധീനതയിൽ തന്നെയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. വർഷങ്ങളായി ഇവിടെ ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും നടന്നു വരുന്നുണ്ട്. ഇപ്പോൾ കളിക്കളമാണെന്ന് അവകാശപ്പെടുന്നതിനു പിന്നിൽ മറ്റു താത്പര്യങ്ങളാണെന്നും ഇവർ പറയുന്നു. ടെസ്റ്റ് മുടങ്ങിയതോടെ ആർ.ടി.ഒ ആർ. രമണൻ, സി.ഐ വി.സി. വിഷ്ണുകുമാർ, നഗരസഭ അധികൃതർ എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
സ്ഥലം അളന്ന് തിട്ടപ്പെടുത്തും
മോട്ടോർ വാഹന വകുപ്പിന് കൈമാറിയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ ഇന്നലെ തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. സർവേയറുടെയും എം.വി.ഐ.പി അധികൃതരുടെയും നേതൃത്വത്തിൽ 26ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തും. പ്രദേശവാസികൾ അവകാശവാദമുന്നയിക്കുന്ന കളി സ്ഥലം മോട്ടോർവാഹന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണെന്നാണ് നിഗമനം. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതു വരെ ഡ്രൈവിംഗ് ടെസ്റ്റ് മുടക്കം കൂടാതെ നടക്കുമെന്ന് സി.ഐ പറഞ്ഞു.