തൊടുപുഴ: മുൻകൂർ അനുമതി തേടാതെ ആർപ്പാമറ്റം- കരിമണ്ണൂർ റോഡ് ഒരു കിലോ മീറ്ററോളം ദൂരത്തിൽ കുഴിച്ച് പൈപ്പിടുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി നിർമാണം തടഞ്ഞു. ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട തൊണ്ടിക്കുഴയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് കൊതകുത്തി മുതൽ ആർപ്പാമറ്റം വരെയുള്ള റോഡിൽ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിയെടുക്കാൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ആഴ്ചകൾക്ക് മുമ്പ് പൈപ്പും എത്തിച്ചിരുന്നു. നിർമാണം ഒരു കിലോമീറ്റർ പിന്നിട്ട് ആർപ്പാമറ്റം കവലയിലെത്തിയപ്പോഴാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ വരുന്നത്. ഈ റോഡിൽ നിർമിച്ച ഐറിസ് ഓട ഉൾപ്പെടെ മാന്തി പൊളിച്ചാണ് പൊപ്പുകൾ സ്ഥാപിച്ചത്. ഇന്നലെ രാവിലെ നിർമാണം നടക്കുന്നതറിഞ്ഞ് പൊതുമരാമത്ത് അധികൃതരെത്തി തടയുകയായിരുന്നു. ഈ സമയം റോഡ് വട്ടം കുഴിച്ച് കാരിക്കോട് കുന്നം റോഡ് കുഴിക്കാൻ ആരംഭിച്ചിരുന്നു. അനുവാദം വാങ്ങാതെയും മതിയായ തുക കെട്ടി വയ്ക്കാതെയും റോഡ് പൊളിച്ചതിനാലാണ് നിർമാണം തടഞ്ഞതെന്നും ഇനി ബാക്കിയുള്ള പണികൾ നടത്തുന്നതിന് മുമ്പ് പൊതുമരാമത്ത് ഓഫീസിൽ നിന്ന് അനുമതി വാങ്ങണമെന്നും കർശന നിർദേശം നൽകി. തൊടുപുഴ എ.എക്‌സിയുടെ കീഴിൽ കരിമണ്ണൂർ സെക്ഷന്റെ പരിധിയിലാണ് ആർപ്പാമറ്റം കരിമണ്ണൂർ റോഡ്. സംഭവത്തിൽ കരിമണ്ണൂർ എ.ഇ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നേരത്തെ ആശിർവാദ് തിയറ്ററിന് സമീപവും കുന്നം- പടി. കോടികുളം റോഡിലും അനുമതി വാങ്ങാതെ വാട്ടർ അതോറിട്ടി റോഡ് കുറുകെ കുത്തി പൊളിച്ചിരുന്നു. ഈ വിഷയത്തിൽ കളക്ടർ, ഡിവൈ.എസ്.പി എന്നിവർക്കടക്കം പരാതി നൽകിയിട്ടും കുടിവെള്ള വിതരണം എന്ന പ്രത്യേക പരിരക്ഷ നിലനിൽക്കുന്നതിനാൽ കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല.