പീരുമേട്: കർഷകരുടെ മാറ്റിവച്ച കടാശ്വാസ കമ്മീഷൻ സിറ്റിംഗ് ഇനിയും നടത്താത്തത് കർഷകർക്ക് ദുരിതമാകുന്നു. പീരുമേട് താലൂക്കിലെ കർഷകർ വിവിധ ബാങ്കുകളിൽ നിന്നും എടുത്തിരുന്ന വായ്പകൾ കുടിശികയായയതിനെ തുടർന്ന് വായ്പ്പാ ഇളവുകൾക്കായി കേരളകാർഷിക കടാശ്വാസ കമ്മിഷന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ2020,2021 വർഷങ്ങളിൽ സിറ്റിങ്ങ് നടത്താൻ കർഷകർക്ക് അറിയിപ്പ് നൽകി. അവസാനമായി2021ജൂണിൽ കുമളി ഹോളിഡേ ഹോമിൽവച്ച് സിറ്റിങ്ങ് നടത്തുന്നതിനായി അറിയിപ്പ് നൽകിയിരുന്നു. കൊവിഡ്19 രൂക്ഷമായ സാഹചര്യത്തിൽ അന്ന് സിറ്റിങ്ങ് മാറ്റിവച്ചതായി അതാത് ബാങ്കുകളിൽ നിന്നും പരാതിക്കാരായ കർഷകരെ അറിയിച്ചു. എന്നാൽ കൊവിഡ് സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടും കാശ്വാസ കമ്മിഷൻ സിറ്റിങ്ങ് നടത്താൻ തയ്യാറായിട്ടില്ല. ഇതേത്തുടർന്ന് വായ്പ എടുത്ത കർഷകർക്ക് ബാങ്കിൽ വായ്പ തിരിച്ചടക്കുമ്പോൾ ലഭിക്കേണ്ട പലിശ ഇളവുകൾ ലഭിക്കുന്നതിന് തടസമായി. ഒപ്പം കർഷകരുടെ കുടിശിക വർദ്ധിക്കാനു ഇടയാക്കുന്നു . കർഷകരെ വീണ്ടും കടക്കെണിയിലാക്കുന്ന കടാശ്വാസ കമ്മിഷന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഏലം കർഷകരെ സംബന്ധിച്ചിടത്തോളം വിലക്കുറവും ഏലച്ചെടികൾക്ക് ഉണ്ടാകുന്ന അഴുകൽ രോഗവും കർക്ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്. കടാശ്വാസ കമ്മീഷൻ സിറ്റിംഗ് പുനരാരംഭിക്കാത്തത് സംബന്ധിച്ച് കർഷക സംഘടനകൾ കൃഷി മന്ത്രിക്കുംകടാശ്വാസ കമ്മിഷനും പരാതി സമർപ്പിച്ചിട്ടുണ്ട്.