കട്ടപ്പന : അഞ്ചടി നീളത്തിലുള്ള ഒരു മുളങ്കമ്പ് കൊണ്ടു കൊണ്ട് ആനയെ ഓടിക്കുമെന്ന് പറഞ്ഞാൽ ആനക്കള്ളമാണെന്ന്‌കേൾക്കുന്നവർക്ക് ചിലപ്പോൾതോന്നാം.എന്നാൽ കനത്ത പുകയിൽ ഉഗ്രശബ്ദത്തോടെ പൊട്ടുന്ന ഇല്ലിപ്പടക്കം കാണുമ്പോൾ ആ സംശയം ഇല്ലാതാകും.പറഞ്ഞു വരുന്നത് എൺപതുകളിൽ കാട്ടു കൊമ്പൻമാരെയും, കാട്ടുപന്നികളെയും തുരത്താൻ ഉപയോഗിച്ചിരുന്ന ഒരു തരം ഉപകരണത്തെക്കുറിച്ചാണ്.തൊപ്പിപ്പാള മറ്റപ്പള്ളിക്കവല തകിടിയേൽ കുഞ്ഞുമോന്റെ പക്കലാണ് പണ്ട് കാരണവൻമാർ ഉപയോഗിച്ചിരുന്ന ഇല്ലിപ്പടക്കം എന്ന
മുളവെടി ഇപ്പോഴുമുള്ളത്. പുതിയ ഒരെണ്ണം നിർമ്മിക്കാനും കുഞ്ഞുമോന് സാധിക്കും. ഉഗ്രശബ്ദത്തോടെയുള്ള ഓരോ വെടിയൊച്ച കഴിയുമ്പോഴും ശബ്ദം താഴ്ത്തി അദ്ദേഹം പറയും ' ഇതുന്നുമല്ല ശബ്ദം, നല്ല മുളങ്കമ്പ് ഒത്തു കിട്ടിയാൽ ഒരു പ്രദേശമാകെ കിടുങ്ങും'. അൽപ്പം മണ്ണെണ്ണയും,കോട്ടൻ തുണിയുമാണ് വെടിയൊച്ചകേൾക്കാൻവേണ്ടത്.നാല് മുട്ട് നീളമുള്ള മുളങ്കമ്പിന്റെ അകത്ത് അടഞ്ഞിരിക്കുന്ന ഭാഗം തുരന്ന് കളയും. തുടർന്ന് ഏറ്റവും അഗ്രഭാഗത്ത് നടുവിലായി അര ഇഞ്ച് കനത്തിൽ ദ്വാരമുണ്ടാക്കും. ഈ ദ്വാരത്തിൽകോട്ടൺ തുണി ഇറക്കി വച്ചശേഷം അൽപ്പം മണ്ണെണ്ണ ഒഴിക്കും. തീ പകർന്നശേഷംവേഗം കെടുത്തും, അകത്ത് നിറഞ്ഞിരിക്കുന്ന പുക ഊതിയശേഷം ഉടനെ അടുത്തുള്ള വിളക്കിൽ നിന്നും ചെറുകോലിൽ തീപിടിപ്പിച്ച് ദ്വാരത്തിൽ വയ്ക്കുന്നതോടെ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം നടക്കുന്നു. മുളങ്കമ്പിനുള്ളിൽ തങ്ങി നിൽക്കുന്ന പുകയുടെയും, ചൂടിന്റെയും സമ്മർദ്ദത്തിലാണ് ശബ്ദംകേൾക്കുന്നത് എന്നാണ് കുഞ്ഞുമോൻ പറയുന്നത്.
കൊമ്പൻമാർ കാടുകയറും
ആറു പതിറ്റാണ്ടുകൾക്ക് മുമ്പ് കാട്ടിൽ നിന്നും കൃഷിയിടത്തിലേയ്ക്കും വീടുകളിലേയ്ക്കും എത്തുന്ന ആനകളെ വിരട്ടിയോടിക്കുന്നതിനായി കുഞ്ഞുമോന്റെ പിതാവ് അടക്കമുള്ള പഴമക്കാർ ഉപയോഗിച്ചിരുന്നതാണ് ഈ നാട്ടുപകരണം.കൃഷിയിടത്തിലേയ്ക്കിറങ്ങുന്ന മൃഗങ്ങളെ ശബ്ദംകേൾപ്പിച്ച് തുരത്തും, ഇല്ലിപ്പടക്കം സ്ഥാപിക്കാനായി പ്രത്യേക തട്ടും കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്നു.