ഇടുക്കി: വേനൽക്കാലമായതോടെ പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ഏപ്രിൽ മാസം 30 വരെ പുന:ക്രമീകരിച്ചു . പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുളള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്. തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം ഈ രീതിയിൽ ക്രമീകരിച്ച് നൽകണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബർ ആഫീസർ അറിയിച്ചു. തൊഴിലാളികൾ ഉച്ചയ്ക്ക് 12മുതൽ 3 വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കാവുന്നതാണ്.
ഫോൺ: 04862222363, 8547655396