• പുതിയ സ്റ്റേജ് പഴയ പഞ്ചായത്ത് കെട്ടിടത്തിന് അഭിമുഖമായി നിർമ്മിക്കും


കട്ടപ്പന : നഗരസഭയുടെ ഉടമസ്ഥതയിൽ പഴയ ബസ് സ്റ്റാൻഡിന് എതിർ വശത്തുള്ള മിനി സ്‌റ്റേഡിയത്തിനുള്ളിൽ പുതിയ സ്‌റ്റേജ് നിർമ്മിക്കാൻ ധാരണയായി.ഇപ്പോഴുള്ള സ്‌റ്റേജ് നവീകരിക്കുന്നതിനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. ഇതിനായി മന്ത്രി റോഷി അഗസ്റ്റിൻ എം എൽ എ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപാ അനുവദിക്കുകയും ചെയ്തിരുന്നു.എന്നാൽ നിലവിലുള്ള സ്റ്റേജിന് വശത്തായി പഴയ പഞ്ചായത്ത് കെട്ടിടത്തിന് അഭിമുഖമായി പുതിയ സ്‌റ്റേജ് നിർമ്മിക്കുകയാണെങ്കിൽ ഭാവിയിൽ മാനവീയം വീഥിയാക്കി ഇവിടം മാറ്റിയെടുക്കാൻ സാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് രൂപകൽപ്പനയിൽ മാറ്റം വരുത്തിയത്.സ്‌റ്റേജ് നിർമ്മിക്കാൻ ഉദ്യേശിക്കുന്ന സ്ഥലത്ത് ഭവന നിർമ്മാണ ബോർഡിന്റെ സ്ഥലം ഉൾപ്പെട്ടത് സാങ്കേതിക തടസ്സങ്ങൾ നേരിടുന്നതിന് കാരണമായിരുന്നു.തുടർന്ന് ബുധനാഴ്ച്ച കട്ടപ്പനയിലെത്തിയ ബോർഡ് ചെയർമാൻ പി. പി സുനീറിനെ നഗരസഭാ ഭരണ സമിതി അംഗങ്ങൾ നേരിൽകണ്ട് സംസാരിച്ച് തർക്കം പരിഹരിച്ചു. റോഷി അഗസ്റ്റിൻ അനുവദിച്ച തുക ഉപയോഗിച്ച് തന്നെയാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.സ്ഥല പരിമിതിയുണ്ടെങ്കിലും പ്രധാനപ്പെട്ട പൊതുപരിപാടികൾക്കെല്ലാം വേദിയാകുന്ന സ്ഥലമാണ് മിനി സ്‌റ്റേഡിയം.അവിടം നവീകരിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.

• മാനവീയം വീഥി

യാഥാർത്ഥ്യത്തിലേയ്‌ക്കോ

കട്ടപ്പനയിലെ സാംസ്‌കാരിക പ്രവർത്തകരുടെയും, ജനകീയ സംഘടനകളുടെയും ഏറെ നാളത്തെ ആഗ്രഹമാണ് പഴയ പഞ്ചായത്ത് മൈതാനം മാനവീയം വീഥിയാക്കി മാറ്റണമെന്നത്. ഇതിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പാണ് മിനി സ്റ്റേഡിയത്തിലെ സ്റ്റേജിന്റെ സ്ഥാനം മാറ്റാനുള്ള തീരുമാനമെന്നാണ് സൂചന.പഴയ പഞ്ചായത്ത് കെട്ടിടത്തിന് അഭിമുഖമായിട്ടാണ് പുതിയ സ്റ്റേജ് നിർമ്മിക്കുന്നത്.കാലപ്പഴക്കം ചെന്ന പഴയ കെട്ടിടം പൊളിച്ച് നീക്കിയാൽ ആയിരത്തിന് മുകളിൽ ആളുകളെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന ഇടമാക്കി മിനി സ്‌റ്റേഡിയത്തെ മാറ്റാനാകും.പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് മാറുന്ന മുറയ്ക്കാകും മാനവീയം വീഥിയാക്കി മാറ്റാൻ കൗൺസിലിൽ അംഗീകാരം നൽകുക.