cp-mathew

ഇടുക്കി: കോൺഗ്രസിൽ നിന്ന് കൂറുമായി ഇടതു പക്ഷത്തെത്തിയ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെതിരെ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ സ്ത്രീ വിരുദ്ധ പ്രസംഗം. 'രാജി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണ്. ഭർത്താവിന് കൊടുക്കാൻ പറ്റാത്ത സുഖം മാർക്‌സിസ്റ്റ് പാർട്ടി നേതാക്കൾക്ക് കൊടുക്കാൻ കഴിയുമെങ്കിൽ അതു കൊടുക്കാനുള്ള ശേഷി രാജിക്കുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ടു കാലിൽ ഓഫീസിൽ വരാൻ അനുവദിക്കില്ല"- ഇതായിരുന്നു സ്ത്രീകളടങ്ങുന്ന സദസിനോടുള്ള മാത്യുവിന്റെ പ്രസംഗം.

രാജി കൂറുമാറിയതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.പി. മാത്യുവിന്റെ പ്രസംഗം പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. രാജിക്ക് നിയമപരവും രാഷ്ട്രീയപരവുമായ സംരക്ഷണം ഒരുക്കും. പൊലീസിൽ പരാതി നൽകും. മാത്യുവിന്റെ നിലപാട് കോൺഗ്രസിന്റെ പൊതു അഭിപ്രായമാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് എന്ത് മാന്യതയാണ് കോൺഗ്രസ് കൊടുക്കുന്നതെന്നാണ് മാത്യുവിന്റെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് രാജി ചന്ദ്രൻ പറഞ്ഞു. പേര് പറഞ്ഞുള്ള പ്രസ്താവന അംഗീകരിക്കാനാകില്ലെന്നും നിയമപരമായി നേരിടുമെന്നും അവർ പറഞ്ഞു. എന്നാൽ പ്രസംഗത്തിൽ അശ്ലീലതയില്ലെന്നും താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു സി.പി. മാത്യു പിന്നീട് പറഞ്ഞത്.