നെടുങ്കണ്ടം : അനധികൃതമായി മണ്ണെടുത്തതിന് വാഹനങ്ങൾ റവന്യു അധികൃതർ പിടിച്ചെടുത്തു. നെടുങ്കണ്ടത്ത് കെട്ടിട നിർമ്മാണത്തിനായി അനധികൃതമായി കുന്ന് ഇടിച്ച് നികത്തി. ആഴത്തിൽ വിവിധ തട്ടുകളായാണ് മണ്ണും പാറയും ഖനനം ചെതത് മണ്ണ് നീക്കം ചെയ്യുന്നതിനായി ഉപയോഗിച്ച, വാഹനങ്ങൾ റവന്യു സംഘം പിടിച്ചെടുത്തു.നെടുങ്കണ്ടം കോടതിയ്ക്ക് എതിർ വശത്തായി സംസ്ഥാന പാതയോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ നിന്നുമാണ് സ്വകാര്യ വ്യക്തി മണ്ണെടുത്തത്ത്. കെട്ടിടം നിർമ്മിയ്ക്കുന്നതിനായി വൻ തോതിൽ മണ്ണ് നീക്കം ചെയ്തതോടെ ഏത് നിമിഷവും മണ്ണിടിച്ചിൽ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. മാനദണ്ഡങ്ങൾ പാലിയ്ക്കാതെയും അനുമതി വാങ്ങാതെയുമാണ് 60 സെന്റ് ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്ത് നിന്നും വിവിധ തട്ടുകളായാണ് മണ്ണ് നീക്കം ചെയ്തിരിയ്ക്കുന്നത്. നിലവിൽ മണ്ണ് നീക്കം ചെയ്ത കുന്നിന്റെ താഴ് വാരം, ചതുപ്പും വെള്ളകെട്ടും നിറഞ്ഞ പ്രദേശമാണ്. ഇവിടെ നിന്നും പാറയും ഖനനം ചെയ്തിട്ടുണ്ട്. ഇത് സംസ്ഥാന പാതയും ഇടിയാൻ ഇടവരുത്തും. നിലവിൽ നിർമ്മാണം നടക്കുന്ന പ്രദേശത്തോട് ചേർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും ഉണ്ട്. ചട്ടങ്ങൾ പാലിയ്ക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെ, ഉടുമ്പൻചോല റവന്യു സംഘം സ്ഥലത്ത് പരിശോധന നടത്തി. മണ്ണും പാറയും ഖനനം ചെയ്യുന്നതിനായി ഉപയോഗിച്ച ജെസിബിയുംട്രാക്ടറും പിടിച്ചെടുത്തു.