തൊടുപുഴ: മുട്ടം ജില്ലാ ജയിലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ചുള്ള പ്രശ്നം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജയിൽ വകുപ്പ് മദ്ധ്യമേഖല ഡി ഐ .ജി നിർദേശം നൽകി. ജയിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ ജയിലിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് ജയിലിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ തകിടം മറിയുന്നത് സംബന്ധിച്ച് "കേരള കൗമുദി"യിൽ കഴിഞ്ഞ 21 ന് പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി. ജയിലിലെ ജീവനക്കാരുടെ കുറവ് സംബന്ധിച്ച് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ഉടൻ ജയിൽ സന്ദർശിക്കുമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.

സൂപ്രണ്ട് 1, അസിസ്റ്റന്റ് സൂപ്രണ്ട് 2, വെൽഫയർ ഓഫീസർ 1, ക്ലർക്ക് 2, ഗാർഡ് 20 എന്നിങ്ങനെയാണ് ജീവനക്കാർ നിലവിലുള്ളത്. ജില്ലാ ജയിലിൽ നാല്പതോളം ഗാർഡുമാർ വേണ്ടിടത്ത് 20 പേർ മാത്രമാണുള്ളത്. ഇതിൽ അഞ്ച് പേർ ട്രെയിനിംഗിന്റെ ഭാഗമായെത്തിയവരാണ്. വർക്കിംഗ് അറേഞ്ച്‌മെന്റും അവധിയും കഴിഞ്ഞാൽ ഇവരിൽ പകുതി പേർ മാത്രമാണ് ദിവസവും ജോലിയിലുണ്ടാകുക. ജയിൽ വകുപ്പ് മാനുവൽ പ്രകാരം ആറ് തടവുകാർക്ക് ഒരു ഗാർഡ് വേണം. 213 പുരുഷന്മാരെയും 27 വനിതകളെയുമടക്കം 240 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മുട്ടം ജില്ലാ ജയിലിലുണ്ട്. കൊവിഡ് വ്യാപനം, സ്ഥല പരിമിതികൾ, സുരക്ഷ കാരണങ്ങൾ എന്നിവയെ തുടർന്ന് ജില്ലയിലെ മറ്റ് സബ് ജയിലുകൾ, കോട്ടയം, എറണാകുളം ജില്ലകളിലെ ജില്ലാ, സബ് ജയിലുകൾ എന്നിവിടങ്ങളിൽ നിന്ന് മുട്ടം ജില്ലാ ജയിലിലേക്ക് പതിവായി തടവുകാരെ മാറ്റുന്നുണ്ട്. ജില്ലാ ജയിലാണെങ്കിലും പ്രവർത്തനം തുടങ്ങിയ ആദ്യ നാളുകളിൽ നൂറിൽ താഴെ തടവുകാരെയാണ് ഇവിടെ പ്രവേശിപ്പിച്ചിരുന്നത്. ഇപ്പോൾ പലപ്പോഴും ഇരുന്നൂറോളം പേരുണ്ടാകും.ഇത്തരം സാഹചര്യത്തിൽ ജയിൽ ജീവനക്കാരുടെ എണ്ണത്തിലെ കുറവ് വലിയ പ്രതിസന്ധി വരുത്തിയിരുന്നു.