
രാജാക്കാട്: ചെറുകിട കർഷകർക്ക് പ്രാധാന്യം നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ പറഞ്ഞു. മേഖലയിലെ ഏലം കർഷകരെ നേരിട്ട് കണ്ട് അവരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും വിലത്തകർച്ച ഉൾപ്പടെയുള്ള കർഷക വിഷയങ്ങൾ ചർച്ച ചെയ്യാനുമായി സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ, വൈസ് ചെയർമാൻ സ്റ്റെനി പോത്തൻ എന്നിവരുടെ നേതൃത്വത്തിൽ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ നടത്തിയ കർഷക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏലം കൃഷിയിലെ അമിത കീടനാശിനി പ്രയോഗവും വില കൂടുതൽ ലഭിക്കാനായി കൃത്രിമ കളർ ചേർക്കലും ഒഴിവാക്കണം. ഗുണനിലവാരമുള്ള ഏലക്കാ ഉൽപാദിപ്പിച്ച് നൽകുന്നതിന് കർഷകർ തയ്യാറാകണമെന്നും ന്യായവില ലഭ്യമാക്കാനുള്ള കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ഷൈൻ കെ കൃഷ്ണൻ, പി. രവി, കെ.എസ് ലതീഷ്‌കുമാർ, രാധാകൃഷ്ണൻ തമ്പി, സി.ആർ. ഷാജി, മാത്യു പെരുനിലത്ത്, ആർ. അജയൻ, സ്‌പൈസസ് ബോർഡ് ജീവനക്കാരായ വി.എം. ഷനിജ, ദീപക് ജോളി ജോർജ്ജ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ നിരവധി കർഷകർ പങ്കെടുത്തു.