മൂന്നാർ: ആനത്തേറ്റയും മ്ലാവിന്റെ കൊമ്പും കടത്തിയ കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ദേവികുളം കോളനിയിൽ താമസിക്കുന്ന ബാബുവാണ് (35) ഇന്നലെ രാവിലെ പതിനൊന്നരയോടെ ദേവികുളം കോടതിയിൽ കീഴടങ്ങിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് പീരുമേട് സബ്ജയിലിലേക്കയച്ചു. ഈ മാസം 17 നാണ് ആറ് കിലോ ആനത്തേറ്റയും മാൻകൊമ്പുമായി മൂന്നു പേർ വനം വകുപ്പിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പിന്റെ മൂന്നാർ ഫ്ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കെ.ഡി.എച്ച്.പി ചൊക്കനാട് എസ്റ്റേറ്റ് കൊളമാങ്ക ഡിവിഷൻ സ്വദേശികളായ നവരാജ് (41), പ്രേംകുമാർ (43), ദേവികുളം കോളനി സ്വദേശിയായ പാണ്ടിദുരൈ (36) എന്നിവരാണ് പിടിയിലായത്. പ്രതികൾ റിമാൻഡിലാണ്. 17ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൂന്നാർ- ദേവികുളം റോഡിൽ മൂന്നാർ സർക്കാർ കോളേജിന് സമീപത്താണ് ഫ്ളൈയിംഗ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ വിൽപ്പനക്കാർക്ക് എത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് യുവാക്കൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
പിടിച്ചെടുത്ത നാല് ആനത്തേറ്റകൾക്ക് ആറു കിലോയോളം ഭാരം വരും. ദേവികുളം റേഞ്ച് ഓഫീസർ അരുൺ മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാബുവിനെ പ്രധാന പ്രതിയായി വനം വകുപ്പ് കേസെടുത്തത്. ബാബുവിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ കോടതിയിൽ അപേക്ഷ നൽകുമെന്ന് ദേവികുളം റേഞ്ച് ഓഫീസർ അരുൺ മഹാരാജ് പറഞ്ഞു.