
കുടിയേറ്റകാലത്ത് വന്യമൃഗങ്ങളോടും മലമ്പനിയോടും പൊരുതിയാണ് കർഷകർ മണ്ണിൽ കാലുറപ്പിച്ചത്. അന്നത് സ്വാഭാവികവുമായിരുന്നു. പിന്നീട് നാട്ടിലേക്ക് കാട്ടിൽ നിന്ന് മൃഗങ്ങൾ വരുന്നത് കുറഞ്ഞുവന്നു, തീരെ വരാതേയുമായി. അതിനുശേഷം കഴിഞ്ഞ പത്തു വർഷത്തോളമായാണ് വന്യജീവികളുടെ ആക്രമണം ഇത്ര രൂക്ഷമായതെന്ന് കർഷകർ പറയുന്നു. ഒരു കൃഷിയും ചെയ്യാൻ വയ്യാത്ത സ്ഥിതി.
കടുത്ത വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിവരണ്ടതോടെ കാട്ടാന, കാട്ടുപന്നി, കുരങ്ങ്, കാട്ടുപോത്ത് തുടങ്ങി മയിൽ വരെ നാട്ടിലിറങ്ങി ജനജീവിതം ദുസഹമാക്കുകയാണ്. ഭീതി സൃഷ്ടിക്കുന്നതിലും കൃഷി നശിപ്പിക്കുന്നതിലും മുൻപന്തിയിൽ കാട്ടാനകളാണ്. മാങ്കുളം, അടിമാലി കാഞ്ഞിരവേലി, ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ, മൂന്നാർ, കുണ്ടള, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. വർഷങ്ങളുടെ അധ്വാനം നിമിഷനേരം കൊണ്ട് നശിപ്പിക്കുന്നത് നിസഹായരായി നോക്കിനിൽക്കേണ്ട ഗതികേടിലാണ് കർഷകർ. അബദ്ധത്തിൽ ഇവയുടെ മുമ്പിൽപ്പെടുന്ന നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരും അംഗവൈകല്യം സംഭവിച്ചവരും കുറവല്ല. നഷ്ട പരിഹാരമെന്നു പറഞ്ഞു തുച്ഛമായ തുക ചിലർക്കു ലഭിക്കുമ്പോൾ മറ്റുള്ളവർക്ക് ഒന്നും കിട്ടാറില്ല. മൂന്നാർ ടൗണിലെ പഴം, പച്ചക്കറി വ്യാപാരം നടത്തുന്ന പാൽരാജിന്റെ കട തുടർച്ചയായി ആറ് തവണയാണ് കാട്ടാന തകർത്തത്. മൂന്ന് ദിവസം മുമ്പ് പടയപ്പ എന്ന കാട്ടുകൊമ്പൻ പാൽരാജിന്റെ കട തകർത്ത് പഴങ്ങളും പച്ചക്കറികളും അകത്താക്കി. ഏകദേശം 25,000 രൂപയുടെ നഷ്ടമുണ്ട്. സമീപത്തെ ചായക്കടയുടെ ജനൽ തകർത്ത് അകത്തുനിന്ന് പലഹാരങ്ങളും എടുത്തു കഴിച്ചായിരുന്നു പടയപ്പയുടെ മടക്കം.
കാട്ടുപന്നിയുടെ ഹോട്സ്‌പോട്ട്
കാട്ടാന കഴിഞ്ഞാൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിൽ പ്രമുഖനാണ് കാട്ടുപന്നി. സംസ്ഥാനത്ത് തന്നെ കാട്ടുപന്നികളുടെ പ്രധാന ഹോട്‌സ്‌പോട്ടാണ് ഇടുക്കി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഹോട്‌സ്‌പോട്ടുകളുടെ പട്ടികയിൽ ജില്ലയിലെ 68 ശതമാനം വില്ലേജുകളും ഉൾപ്പെട്ടിട്ടുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ 46 വില്ലേജുകളാണ് ഇടുക്കിയിലുള്ളത്. ഉടുമ്പൻചോല താലൂക്കിലാണ് കൂടുതൽ വില്ലേജുകൾ. കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും കർശന മാനദണ്ഡങ്ങളുള്ളതും ലൈസൻസുള്ളവർ ചുരുക്കമാണെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മയിൽ അങ്ങനെ ചെയ്യുമോ?
കാര്യം ദേശീയ പക്ഷിയാണ്, കാണാൻ അതീവ സൗന്ദര്യവും... പക്ഷേ കൈയിലിരിപ്പ് അത്ര നല്ലതല്ലെന്നാണ് മറയൂരിലെ കർഷകർക്ക് മയിലുകളെക്കുറിച്ച് പറയാനുള്ളത്. പച്ചക്കറിയും കരിമ്പും തളിർത്തു വരും മുമ്പേ മയിലുകളെത്തി കൊത്തിനശിപ്പിക്കും. ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ കാന്തല്ലൂർ, പെരുമല, പുത്തൂർ, കുളിച്ചിവയൽ, കീഴാന്തൂർ എന്നിവിടങ്ങളിലാണ് മയിലുകളുടെ വിളയാട്ടം. കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, പട്ടാണി, ബീൻസ് എന്നിവ മുളച്ചു വരുമ്പോൾ തന്നെ മയിലുകൾ കൊത്തിത്തിന്നും. കാലാവസ്ഥാ വ്യതിയാനവും കാട്ടാനയും കാട്ടുപന്നിയും മൂലമുള്ള കൃഷി നാശത്തിന് പിന്നാലെ മയിലിന്റെ ആക്രമണം കൂടിയായതോടെ കർഷകർ വലിയ ദുരിതത്തിലാണ്.
പരിഹാരമെന്ത് ?
വേനലിൽ കാട്ടിലെ നീർച്ചാലുകൾ വറ്റിയതും പച്ചപ്പ് കുറയുന്നതുമാണ് വന്യമൃഗങ്ങൾ ഇരതേടി നാട്ടിലേക്കിറങ്ങാൻ കാരണം.
വാസ്തവത്തിൽ കാട്ടുമൃഗങ്ങൾ കർഷകരുമായി ഏറ്റുമുട്ടാൻ ഇറങ്ങിവരുന്നതല്ല. അവ അതിജീവനത്തിനു വേണ്ടിയുള്ള തീവ്രശ്രമത്തിലാണ്. വനാതിർത്തികളിലെ കൃഷിയിടങ്ങളാണ് ഇവയുടെ മുഖ്യലക്ഷ്യം. വനാതിർത്തികളിൽ വന്യമൃഗങ്ങൾക്കായി കൃത്രിമ കുളമടക്കം നിർമിച്ച് ഇവ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കോടികളുടെ ഫണ്ട് സർക്കാർ അനുവദിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമായി വിനിയോഗിക്കുന്നില്ല. ഇപ്പോൾ കാടിന്റെ മൂന്നിലൊന്നു ഭാഗത്തോളം നിബിഡ വനങ്ങൾക്ക് പകരം തോട്ടവനങ്ങളാക്കി മാറ്റി. അവിടെ വന്യജീവികൾക്കുള്ള ഒരു ഭക്ഷണവുമില്ല. തോട്ടവനങ്ങൾ മുഴുവൻ മുറിച്ചുനീക്കുകയാണ് സർക്കാർ ആദ്യമായി ചെയ്യേണ്ടത്. പകരം അവിടെ സ്വാഭാവിക വനം വളരാൻ അനുവദിക്കണം. അങ്ങനെ സംഭവിച്ചാൽ കാട്ടുമൃഗങ്ങൾക്ക് ആവശ്യമുള്ള ധാരാളം ഭക്ഷ്യവസ്തുക്കളും അവിടെ ഉണ്ടാകും. ജൈവവൈവിദ്ധ്യം പോഷിപ്പിക്കുന്ന നീർമരങ്ങൾ തഴച്ചുവളരുമ്പോൾ മണ്ണിൽ ജലവും ഉണ്ടാകും. പിന്നെ വെള്ളം തേടിയും ഭക്ഷണം തേടിയും മൃഗങ്ങൾക്ക് കാടുവിട്ട് ഇറങ്ങേണ്ടിവരില്ല. മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത് അശാസ്ത്രീയമായ വേട്ട നിരോധനമാണ്. മാനിന്റെ എണ്ണം പെരുകുന്നതിന് അനുസരിച്ച് അതിനെ കൊല്ലാൻ ആസ്‌ട്രേലിയയിലും അമേരിക്കയിലും അനുവാദമുണ്ട്. എല്ലാ ജീവികളുടേയും എണ്ണം നിയന്ത്രിക്കാനും സന്തുലിതമായി നിലനിർത്താനും പ്രകൃതിതന്നെ നിശ്ചയിച്ച ഇരപിടിയൻ ക്രമമുണ്ട്. പന്നിതന്നെ ഉദാഹരണം. ഒറ്റ പ്രസവത്തിൽ നിരവധി കുഞ്ഞുങ്ങൾ ഉണ്ടാകുന്ന ജീവിയാണ് പന്നി. ഇടയ്ക്കിടെ പ്രസവിക്കാനുള്ള ശേഷിയുമുണ്ട്. സ്വാഭാവികമായും എണ്ണം കൂടും. പെരുമ്പാമ്പുകൾ ഉൾപ്പെടെ പന്നിക്കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന, ജീവികൾ പലതുമുണ്ട്. പ്രകൃതിയിൽത്തന്നെയുള്ള ആഹാരശൃംഖലയുടെ ഭാഗമാണ് ഇവ. പക്ഷേ, കാടു കുറഞ്ഞപ്പോൾ ഇത്തരം ജീവികൾ ഇല്ലാതാവുകയോ കുറയുകയോ ചെയ്തു. ആഹാരശൃംഖലയിലെ കണ്ണികൾ മുറിയുമ്പോൾ ചില ജീവികൾ മാത്രം ക്രമരഹിതമായി വർദ്ധിക്കുന്നതു സ്വാഭാവികം. കാട്ടുപന്നികളുടെ എണ്ണം അങ്ങനെ വർദ്ധിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവയ്ക്കുന്നതിന് ഇപ്പോൾ കേരളത്തിൽ അനുമതിയുണ്ട്. അതുപോലെ നാട്ടിൽ ഇറങ്ങുന്ന കാട്ടുമൃഗങ്ങളെ കൊല്ലാൻ അനുവാദം കൊടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. പെട്ടെന്നു കേൾക്കുമ്പോൾ ഇതു ക്രൂരതയായി തോന്നും. പക്ഷേ, വസ്തുതാപരമായി ചിന്തിച്ചാൽ മനുഷ്യനു പ്രഥമ പരിഗണന നൽകുകയും മനുഷ്യന്റെ സ്വസ്ഥജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന ജീവികളുടെ അനിയന്ത്രിത വർദ്ധനയ്ക്ക് പരിഹാരം തേടേണ്ടത് ആവശ്യമാണെന്നു മനസിലാകും.
ഒറ്റപ്പെട്ട വനങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന വനങ്ങളുമുണ്ട്. ഒരു വനത്തിൽ നിന്ന് മറ്റൊരിടത്തേക്കു ഭക്ഷണം തേടിയോ വെള്ളം തേടിയോ പോകുന്ന വന്യജീവിയുടെ യാത്ര ചിലപ്പോൾ ജനവാസമേഖലയിൽക്കൂടിയാകാം. അത്തരം സ്ഥലങ്ങളിൽ ഇവയ്ക്ക് കടന്നുപോകാൻ ഇടനാഴികൾ സൃഷ്ടിക്കണം. ഓരോ വനത്തെയും സംബന്ധിച്ച മാപ്പിംഗ് നടത്തണം. മനുഷ്യനുവേണ്ടി റോഡ് വെട്ടുന്നതുപോലെ മൃഗങ്ങൾക്കും സുരക്ഷിത പാത ഒരുക്കണം. വേനൽക്കാല സാഹചര്യം കണക്കിലെടുക്കുന്ന മാപ്പിംഗ് ആണ് വേണ്ടത്. തോട്ടവനങ്ങൾ മുറിച്ചുനീക്കി സ്വാഭാവിക വനം വളരാൻ അനുവദിച്ചാൽത്തന്നെ ക്രമേണ ഈ പ്രശ്‌നം പരിഹരിക്കപ്പെടും.