പീരുമേട്: വിനോദസഞ്ചാരികൾക്കായി ഒരുക്കുന്ന സംസ്ഥാനത്തെ പ്രഥമ കാരവൻ പാർക്കിന് ടൂറിസം കേന്ദ്രങ്ങളിലൊന്നായ വാഗമൺ വേദിയാകുന്നു.

ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കള, ഷവർ സൗകര്യങ്ങളുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി, ആധുനിക വാർത്താവിനിമയ സംവിധാനം എന്നിവയോട് കൂടിയതാണ് കാരവൻ. ഇനി കാരവനിൽ സഞ്ചരിച്ചും താമസിച്ചും ഭക്ഷണംകഴിച്ചും ഉറങ്ങിയും വാഗമണിന്റെയും ഇടുക്കിയുടെയും സൗന്ദര്യം ആസ്വദിക്കാം.

സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെയാണ് ടൂറിസംവകുപ്പ് കാരവൻ ടൂറിസം പദ്ധതി ഒരുക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് മൂന്നുമാസത്തിനകം സ്വകാര്യമേഖലയിൽ നിന്ന് 303 കാരവനുകൾക്കായി 154 അപേക്ഷ ടൂറിസം വകുപ്പിന് ലഭിച്ചു. ആദ്യഘട്ടത്തിൽ 100 കാരവൻ പാർക്കുകൾക്കായി 67 സ്ഥാപനങ്ങൾ രംഗത്തുവന്നു. ഇതിൽ ആദ്യത്തേതാണ് വാഗമണിലേത്. അഡറാക്ക് ഹോട്ടൽ ആന്റ് റിസോർട്ടാണ് ആദ്യ കാരവന്റെ സംരംഭകർ. കാരവൻ പാർക്കിന്റെ ഉദ്ഘാടനം വാഗമണ്ണിൽ ഇന്ന് രാവിലെ പത്തിന് ടൂറിസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി വാഴൂർ സോമൻ എം എൽ എ ,ജില്ലാ പഞ്ചായത്ത് അംഗം കെ.റ്റി.ബിനു , ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിത്യ , അഡീഷനൽചീഫ് സെക്രട്ടറി ഡോ.വി. വേണു , ഡയറക്ടർ ടൂറിസം വകുപ്പ് തേജ് കൃഷ്ണ മൈലവരപ്പു ,ജില്ല കളക്ടർ ഷീബ ജോർജ് എന്നിവർ പങ്കെടുക്കും.