തൊടുപുഴ: പൂപ്പാറ വില്ലേജ് ഓഫീസിൽ കയറി അക്രമം നടത്തിയെന്ന പേരിൽ തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണന്ന് കേസിലെ പ്രതി പൂപ്പാറ മുണ്ടികുന്നേൽ താജിന്റെ ഭാര്യ ജിൻഷ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭൂമിയുടെ റെക്കാർഡ് ഒഫ് രജിസ്റ്ററിന്റെ പകർപ്പ് ആവശ്യപ്പെട്ട് സ്‌പെഷ്യൽ വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. വില്ലേജ് ഓഫീസർക്ക് 5000 രൂപയും നൽകി. ഫയൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ പക്കലാണന്ന് അറിയിച്ചപ്പോൾ അദ്ദേഹത്തെ കണ്ടു. അദ്ദേഹവും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നെന്നും ഇത് കൊടുക്കാതെ വന്നതിന്റെ പ്രതികരണമാണ് ഓഫീസ് തകർത്തെന്ന് കാട്ടി കള്ളക്കേസിൽ കുടുക്കാൻ കാരണമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ ഭരണ സ്വാധീനം ഉപയോഗിച്ച് കേസെടുപ്പിക്കുകയായിരുന്നു. കേസെടുത്തതിന് ശേഷം പൊലീസ് പ്രായമായ മാതാപിതാക്കളും കൊച്ചുകുട്ടികളുമുള്ള തന്റെ വീട്ടിൽ നിയമവിരുദ്ധമായി അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയാണ്. തന്റെ ഭർത്താവിനെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണെന്നും നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായും ഇവർ പറഞ്ഞു. താജിന്റെ പിതാവ് എം.എം. മക്കാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. താജിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കെതിരെയുമാണ് ശാന്തമ്പാറ പൊലീസ് കേസെടുത്തിരിക്കുന്നത്.