കട്ടപ്പന : നിർദ്ദിഷ്ട മലയോര ഹൈവേയുടെ ചപ്പാത്ത് മുതൽ മേരികുളം വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ മാറ്റാൻ സർവേ വകുപ്പ് പരിശോധന തുടങ്ങി.റവന്യു വകുപ്പിലെ സർവ്വേ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്. ചപ്പാത്ത് മുതൽ മേരികുളം വരെയുള്ള ഭാഗത്തെ ഏതാനും സ്വകാര്യ വ്യക്തികളും തോട്ടമുടമകളും റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ട് നൽകാൻ തയ്യാറായിരുന്നില്ല.ഇതേ തുടർന്ന് ഈ ഭാഗം ഒഴിച്ചിട്ട് മേരികുളം മുതൽ നരിയംപാറ വരെയുള്ള ഭാഗമാണ് കിഫ്ബി ഇപ്പോൾ ടെൻഡർ പൂർത്തീകരിച്ചത്.
സ്ഥലത്തർക്കം പരിഹരിക്കാൻ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടതോടെയാണ് സർവ്വേയ്ക്കായി പ്രത്യേക സംഘത്തെ കളക്ടർ നിയോഗിച്ചത്.
1980 1982 കാലത്ത് റവന്യൂ വകുപ്പ് സ്ഥാപിച്ച സർവേ കല്ലുകൾ പലയിടത്തും കാണാതായത് പ്രവർത്തനം വൈകിപ്പിക്കുന്നുണ്ട്. പഴയ കല്ലുകൾ കണ്ടെത്തി സർവ്വേ നടത്തി കല്ലുകൾ ഉടൻ പുനസ്ഥാപിക്കും.തുടർന്ന് സ്‌കെച്ചും പ്ലാനും തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറും.ഒരാഴ്ചക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർവ്വെ ടീമിന്റെ ശ്രമം.പ്രത്യേക സർവ്വേ ടീം കല്ലുകൾ പുന:സ്ഥാപിച്ച് സ്‌കെച്ചും പ്ലാനും നൽകിയാൽ ഉടനടി പൊതുമരാമത്ത് വകുപ്പ് റോഡിനാവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തും.
56.72 കോടിയുടെ
ഭരണാനുമതി
12.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണത്തിനായി 56.72 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.