rto

 ജനപ്രതിനിധികൾക്ക് പരിശീലനം നൽകും

തൊടുപുഴ: ഇടുക്കിയെ അപകടരഹിത ജില്ലയായി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ആറു മാസം നീണ്ടു നിൽക്കുന്ന വിവിധ കർമ്മപദ്ധതികളുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികൾക്ക് റോഡ് സുരക്ഷാ ക്ലാസുകൾ നൽകും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശീലന ക്ലാസുകൾ പൊതുപ്രവർത്തകർക്കായി ഓരോ വാർഡ് തലത്തിലും നടപ്പിലാക്കും. ഗതാഗത നിയമ ലംഘനങ്ങൾ പിടികൂടാൻ വിവിധ മേഖലകളിൽ കൂടുതൽ നിരീക്ഷണ കാമറകളും സ്ഥാപിക്കും. ആധുനിക വയർലസ് സംവിധാനം ഉൾപ്പെടെ കൂടുതൽ ക്രമീകരണങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ വാഹനങ്ങളിൽ സജ്ജമാക്കും.
ജനപ്രതിനിധികൾക്കായുള്ള പരിശീലന പരിപാടി ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഇതിനോടകം ആരംഭിച്ചു. മറയൂർ, നെടുങ്കണ്ടം പഞ്ചായത്തുകളിലാണ് ആദ്യഘട്ട പരിശീലനം നടന്നത്. 28ന് കരുണാപുരം പഞ്ചായത്തിലും പരിശീലന ക്ലാസ് നടക്കും. തൊടുപുഴ നഗരസഭയിലെ കൗൺസിലർമാർക്കായി അടുത്ത മാസം 16ന് രാവിലെ 10.30ന് ഏകദിന റോഡ് സുരക്ഷാ പരിശീലന ക്ലാസ് നടക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. പദ്ധതി സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഇന്നലെ നഗരസഭ കൗൺസിലിൽ വിശദീകരിച്ചു.

മങ്ങാട്ടുകവലയിൽ പ്രത്യേക മാസ്റ്റർപ്ലാൻ
ഗതാഗത സംവിധാനത്തിലെ അശാസ്ത്രീയത മൂലം അപകടങ്ങൾ പതിവാകുന്ന തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. ഇന്നലെ രാവിലെ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ.നസീറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മങ്ങാട്ടുകവലയിൽ സന്ദർശനം നടത്തി. മർച്ചന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദിന്റെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. വാഹനങ്ങൾ ഇവിടെ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതായും ഗതാഗത നിയമ ലംഘനങ്ങൾ നടക്കുന്നതായും സന്ദർശനത്തിൽ ബോധ്യപ്പെട്ടു. തുടർന്ന് ഇവിടെ അപകടങ്ങൾ കുറയ്ക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐയെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നഗരസഭ ട്രാഫിക് അഡ്വൈസറി കമ്മിറ്റിയ്ക്ക് മുമ്പാകെ സമർപ്പിച്ച് നടപ്പാക്കാനാണ് തീരുമാനം.

ആറു മാസത്തിനുള്ളിൽ ജില്ലയെ പൂർണമായും അപകട രഹിതമാക്കുന്ന ഊർജിത കർമ പദ്ധതികളാണ് നടപ്പാക്കുന്നത് "

- എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. നസീർ