line
നഗരമദ്ധ്യത്തിൽ റോഡിൽ വൈദ്യുതി ലൈൻ പൊട്ടി വീണതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുന്നു

തൊടുപുഴ: രാവിലെ സ്കൂൾ - ഓഫീസ് സമയം നഗരമദ്ധ്യത്തിലെ വൈദ്യുതി ലൈൻ പൊട്ടി റോഡിൽ വീണത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെ നഗരസഭാ ഓഫീസിന് മുന്നിൽ മുനിസിപ്പൽ പാർക്കിനോട് ചേർന്നുള്ള പോസ്റ്റിലെ കമ്പിയാണ് പൊട്ടിവീണത്. പാലം കടന്ന് അമ്പലം റോഡിലേക്ക് കയറുന്ന ഭാഗത്തായി പാർക്കിനും സിവിൽ സ്റ്റേഷനും നടുവിലായാണ് അപ്രതീക്ഷിതമായി ലൈൻ പൊട്ടി താഴേക്ക് പതിച്ചത്. ഇതിന് നിമിഷങ്ങൾക്ക് മുമ്പ് ലൈനിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടായതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പൊട്ടിയ ലൈൻ വാഹനങ്ങൾക്ക് മുകളിലേക്ക് വീഴാതിരുന്നതിനാൽ വൻഅപകടമാണ് ഒഴിവായത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ പൊലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. ഇതോടെ തൊടുപുഴ സർക്കിൾ ഇൻസ്‌പെക്ടർ വി.സി. വിഷ്ണു കുമാറിന്റെ നേതൃത്വത്തിൽ ഓടിയെത്തിയ പൊലീസ് സംഘം റോഡിലെ ഗതാഗതം നിയന്ത്രിച്ചു. ഏറെ തിരക്കുള്ള സമയമായതിനാൽ പാലത്തിലുൾപ്പെടെ വാഹനങ്ങൾ കുടുങ്ങി. വിവരമറിഞ്ഞ് കെ.എസ്.ഇ.ബി അധികൃതരെത്തി ലൈൻ ഓഫ് ചെയ്ത് റോഡിൽ വീണ കമ്പി നീക്കിയതിന് ശേഷമാണ് ഗതാഗത തടസം നീങ്ങിയത്. പിന്നീട് കൂടുതൽ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി പൊട്ടിയ ലൈൻ മാറ്റി പുതിയത് സ്ഥാപിച്ചു.