kodimaram
പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിമരം നഗരസഭാ അധികൃതർ നീക്കം ചെയ്യുന്നു

തൊടുപുഴ: നഗരസഭ പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടികൾ എന്നിവ നഗരസഭാ ആരോഗ്യവിഭാഗത്തിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ നീക്കം ചെയ്തു. അനധികൃത പരസ്യം സ്ഥാപിച്ചവരിൽ നിന്ന് പിഴ ഈടാക്കും. നഗരസഭാ പരിധിയിൽ സ്ഥാപിക്കുന്ന മുഴുവൻ പരസ്യ ബോർഡുകൾക്കും നിശ്ചിത ഫീസ് അടച്ച് നഗരസഭയിൽ നിന്ന് നിയമാനുസൃത അനുമതി വാങ്ങേതാണ്. അല്ലാത്തവ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭ നേരിട്ട് നീക്കം ചെയ്യും. ഇവ സ്ഥാപിച്ചവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ്, കേരള ഭൂസംരക്ഷണ നിയമം എന്നിവ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. എല്ലാ പരസ്യ ഏജൻസികളും പ്രിന്റിംഗ് പ്രസുകളും പ്രിന്റ് ചെയ്യുന്ന എല്ലാ ബോർഡ്, ബാനർ, കൊടികൾ തുടങ്ങിയവയുടെ താഴ്ഭാഗത്ത് ബന്ധപ്പെട്ട സ്ഥപനങ്ങളുടെ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. വരും ദിവസങ്ങളിലും നഗരസഭ പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നീക്കം ചെയ്യുന്നത് തുടരുമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, സതീശൻ, രജിത, അമ്പിളി, റവന്യൂ ഇൻസ്‌പെക്ടർ ത്രേസ്യാമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കം ചെയ്യൽ.