തൊടുപുഴ: നടപ്പന്തൽ നിർമ്മാണത്തിനിടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന ചെറിയ ചന്ദന മരം അടർന്നു വീണ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന് പിന്നിലായി നിന്നിരുന്ന 30 സെന്റീ മീറ്റർ വണ്ണമുള്ള ചന്ദന മരത്തിന്റെ ഭാഗങ്ങൾ ഒടിഞ്ഞ് നിലത്ത് വീണത്. വിവരമറിഞ്ഞു തൊടുപുഴ റേഞ്ച് ഓഫീസർ ലിബിൻ ജോണിന്റെ നിർദേശ പ്രകാരം വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടർന്ന് തൊടുപുഴ ഫോറസ്റ്റ് റേഞ്ച് സാൻഡൽ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് രമേശ് ജ്യോതിയെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. എന്നാൽ ചന്ദന മരം നശിപ്പിച്ചിട്ടില്ലെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് രമേശ് ജ്യോതി പറഞ്ഞു. നിലവിൽ താന്ത്രിക വിധി പ്രകാരം നടപ്പന്തലിന്റെ നിർമ്മാണം നടന്ന് വരികയാണ്. ഇതിനിടെ അബദ്ധത്തിൽ ചെറിയ ചന്ദന മരം മറിഞ്ഞ് വീഴുകയായിരുന്നു. കാതലില്ലാത്ത ചെറിയ മരമായിരുന്നു അത്. ആരും ചന്ദന മരം മനപ്പൂർവ്വം വെട്ടി നശിപ്പിച്ചിട്ടില്ലെന്നും രമേശ് പറഞ്ഞു.