തൊടുപുഴ:മിനിമം ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൗഹ്യദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ ശനിയാഴ്ച തൊടുപുഴയിൽ റാലിയും ഹെഡ് പോസ്റ്റാഫീസ് ഉപരോധവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് റാലി ആരംഭിക്കും.സംസ്ഥാന രക്ഷാധികാരി കുഞ്ഞേട്ടൻ പട്ടാമ്പി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉപരോധം സംസ്ഥാന പ്രസിഡന്റ് സി പി ഇസ്മയിൽ ഉദ്ഘാടനം ചെയ്യും.
മിനിമം ചാർജിന് ആനുപാതികമായി കിലോമീറ്റർ ചാർജ് വർദ്ധിപ്പിക്കുക, ഓട്ടോക്കാർക്ക് ഇന്ധന സബ്‌സിഡി അനുവദിക്കുക, ഇന്ധനവിലയുടെ നികുതി കുറയ്ക്കുക, ക്ഷേമനിധി നിയമങ്ങളിലും വ്യവസ്ഥകളിലും അനുവദിക്കുന്ന തുകയിലും കാലോചിത പരിഷ്‌കാരം വരുത്തുക, ഓട്ടോ തൊഴിലാളികളെയും കുടുംബത്തെയും ഇഎസ്‌ഐ പരിധിയിൽ കൊണ്ടുവരിക, 15 കൊല്ലം കഴിഞ്ഞ ഓട്ടോകൾ ഫിറ്റ്‌നസ് പാസാകുന്നവയ്ക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.
ഭാരവാഹികളായ അനസ്, ബിനോയി ജോർജ്, ജോബി കരിങ്കുന്നം, പ്രകാശ് തങ്കപ്പൻ, സിബി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.