• പതിറ്റാണ്ടുകൾക്ക് ശേഷമാണ് കാട്ടാനകൾ ജനവാസ മേഖലയിലെത്തിയത്.
കട്ടപ്പന :കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ പേഴുംങ്കണ്ടം നിവാസികൾ കഴിഞ്ഞ നാല് ദിവസമായി കാട്ടാന ഭീതിയിലാണ്.പുഴ കടന്നെത്തിയ ആനക്കൂട്ടം ഇതിനോടകം കൃഷിയിടത്തിലെത്തി ഏലമുൾപ്പടെയുള്ള ദേഹണ്ഡങ്ങൾ നശിപ്പിച്ചു.പേഴുംങ്കണ്ടം ചെന്നിലത്ത്കുന്നേൽ അപ്പച്ചൻ,ഇരുകല്ലിൽ സജി, ഇലിപ്പുലിക്കാട്ട് സന്തോഷ് എന്നിവരുടെ കൃഷിയിടത്തിൽ വ്യാഴാഴ്ച്ച പകലാണ്
ആനകൾ എത്തിയത്.നിരവധി പനകളും കമുകും വാഴകളും നശിപ്പിച്ചിട്ടുണ്ട്.പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിയെങ്കിലും ഉൾവനത്തിലേയ്ക്ക് കയറിയിട്ടില്ലെന്നാണ് സൂചന.സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തമ്പടിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തീറ്റ തേടി ആനക്കൂട്ടം പേഴുംങ്കണ്ടം തേക്കുംകൂപ്പിൽ എത്തിയത്.ജലാശയ മുനമ്പിന് അടുത്തായി ആനകളുടെ സാന്നിധ്യം മുൻപും ഉണ്ടാകാറുണ്ടെങ്കിലും വർഷങ്ങൾക്ക് ശേഷമാണ് ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ
പറയുന്നു.കഴിഞ്ഞ ദിവസം ജലാശയത്തിൽ മീൻ പിടിക്കാൻ പോയ ആൾ ആനയുടെ
മുൻപിൽ അകപ്പെട്ടു.തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.സമീപ സ്ഥലങ്ങളിൽ നിന്നും പുറത്ത് നിന്നുമായി നിരവധിയാളുകൾ എത്തുന്ന സ്ഥലമാണ് മുനമ്പ്.ആനകളുടെ സാന്നിധ്യമുള്ളതിനാൽ ഇവിടെ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പിന്റെ നിർദ്ദേശമുണ്ട്.
'വന്യജീവി ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും.,ഹോട്ട്സ്പോട്ടുകളുടെ പരിധി വർധിപ്പിക്കുന്ന കാര്യം നിയമസഭയിൽ ചർച്ച ചെയ്തിരുന്നു. '
മന്ത്രി റോഷി അഗസ്റ്റിൻ