തൊടുപുഴ : തൊടുപുഴ നഗരസഭയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിട്ടുള്ള മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉയർന്നു വന്നിട്ടുള്ള ആക്ഷേപങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യാൻ പി.ജെ.ജോസഫ് എംഎൽഎ നഗരസഭയുടെയും രാഷ്ട്രീയ പാർട്ടികളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ചു. 2ഇന്ന് വൈകുന്നേരം നാലിന് തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിലാണ് യോഗം ചേരുക. മുനിസിപ്പൽ ചെയർമാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, രാഷ്ട്രീയ പാർട്ടികൾ, മർച്ചന്റ്‌സ് ട്രസ്റ്റ് അസോസിയേഷൻ തുടങ്ങിയവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
നഗരസഭയിലെ ഭൂവിനിയോഗം സംബന്ധിച്ച മേഖലാ നിയന്ത്രണങ്ങൾ, റോഡുകളുടെ വികസനം തുടങ്ങി ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിൽ മേഖലാ നിയന്ത്രണങ്ങൾ സംബന്ധിച്ച പരാതികൾ നഗരസഭാ സബ് കമ്മിറ്റി പരിശോധന നടത്തി വരികയാണ്. നഗരസഭയിലെ റോഡുകളുടെ വീതി കൂട്ടൽ തുടങ്ങി പൊതുവായ വിഷയങ്ങൾ സംബന്ധിച്ച് സമവായത്തിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എംഎൽഎ യുടെ യോഗം. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട പൊതു സമീപനം സംബന്ധിച്ച് യോഗത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് പി.ജെ.ജോസഫ് അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.