തൊടുപുഴ : വൈദ്യുതി കണക്ഷൻ ലഭിക്കാനുണ്ടായ കാലതാമസം കാരണമാണ് വാഗമൺ കുടിവെള്ള പദ്ധതി യഥാസമയം പ്രവർത്തന ക്ഷമമാക്കാൻ കഴിയാതെ പോയതെന്ന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.വാഗമൺ കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമാക്കണമെന്ന കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പിലാക്കി കൊണ്ട് സമർപ്പിച്ച വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.545970 രൂപ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതിക്ക് വൈദ്യുതി കണക്ഷൻ നൽകാൻ 26999 രൂപയുടെ എസ്റ്റിമേറ്റ് വൈദ്യുതി ബോർഡ് സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പഞ്ചായത്ത് തുക ഒടുക്കി.പട്ടയം ലഭിക്കാത്ത 150 ഓളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കൈതപ്പതാൽ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനാണ് ഇതോടെ പരിഹാരമായത്.17 വർഷങ്ങൾക്ക് മുമ്പാണ് വാഗമൺ കുടിവെള്ള പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. വാഗമൺ കൈതപ്പതാൽ സ്വദേശി എൽ. യേശുദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.