mullaperiyar

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതിയിലെ തമിഴ്‌നാട് അംഗങ്ങൾ ഇന്നലെ ചേർന്ന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. അണക്കെട്ടിൽ അറ്റകുറ്റപണികൾ നടത്താനുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതിന് കേരളം അനുമതി നൽകുന്നില്ലെന്നാരോപിച്ചാണ് തമിഴ്‌നാട് അംഗങ്ങൾ ഇറങ്ങിപ്പോയത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയ ശേഷമാണ് ഉപസമിതി അംഗങ്ങൾ കുമളിയിൽ യോഗം ചേർന്നത്. സാധനങ്ങൾ കൊണ്ടു പോകാൻ അനുവദിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന് തമിഴ്‌നാട് അംഗങ്ങൾ ചോദിച്ചു. ഇതിന് സർക്കാർ അനുമതി ലഭിക്കണമെന്ന് കേരള ജലവിഭവ വകുപ്പ് മറുപടി നല്കിയെങ്കിലും തമിഴ്‌നാട് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയായിരുന്നു. രാവിലെ തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഉപസമിതി ചെയർമാൻ ശരവണകുമാർ, കേരള പ്രതിനിധികളായ എൻ.എസ്. പ്രസീദ്, ഹരികുമാർ, തമിഴ്‌നാട് പ്രതിനിധികളായ സാം ഇർവിൻ, കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.