തൊടുപുഴ: ഡി.സി.സി പ്രസിഡന്റിനെതിരെ സി.പി.എം നടത്തുന്ന രാഷ്ട്രീയ നാടകം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ ഉപ്പും ചോറും തിന്ന് എൽ.ഡി.എഫ് പാളയത്തിൽ ചേക്കേറിയവർ ജനാധിപത്യ സമരങ്ങളെ ഇനിയും നേരിടേണ്ടിവരും. അവരുടെ സ്വസ്ഥത തകർന്നാൽ അതിനുത്തരവാദി കോൺഗ്രസല്ല. നൂറുകണക്കിന് പേർ പ്രയത്‌നിച്ച് തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകിയിട്ട് അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ച് കൂറുമാറിയത് മാന്യതയല്ല. ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രതിഷേധം അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനായിരുന്നില്ല. ഡി.സി.സി അദ്ധ്യക്ഷൻ യു.ഡി.എഫിൽ നിന്ന് ലഭിക്കാത്ത സുഖം സി.പി.എമ്മിൽ നിന്ന് ലഭിക്കുമായിരിക്കുമെന്ന് പറഞ്ഞത് ഭരണസുഖത്തെയാണ്. അതിനെ വളച്ചൊടിച്ച് മറ്റ് ചുവയിലാക്കി വെടക്കാക്കി തനിക്കാക്കാനാണ് സി.പി.എം ശ്രമം. സ്ത്രീവിരുദ്ധ പരാമർശം തങ്ങളുടെ നിഘണ്ടുവിലില്ല. കൂറുമാറ്റക്കാരിയെ വിശുദ്ധ ഗണത്തിൽപ്പെടുത്താൻ ഡി.സി.സി പ്രസിഡന്റിനെ മറയാക്കേണ്ട. മൊഴിയുടെ പേരിൽ കള്ളക്കേസ് എടുക്കുകയാണെങ്കിൽ ജില്ലയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകരും നിരവധി മൊഴികൾ നൽകും. വനിതാ ശാക്തീകരണത്തിലും സംവരണത്തിലും വനിതകളെ അധികാരത്തിൽ എത്തിക്കുന്നതിലും കോൺഗ്രസെടുത്ത നിലപാട് പ്രശംസനീയമാണ്. പാർട്ടിയെയും നേതാക്കളെയും സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് വെട്ടിലാക്കാൻ സാധിക്കില്ലെന്നും മഹിളാ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നേതാക്കളായ ലീലാമ്മ ജോസ്, രാജേശ്വരി ഹരിഹരൻ, നൈറ്റ്‌സി കുര്യാക്കോസ്, ഹാജിറ സെയ്തുമുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.