തൊടുപുഴ: അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ ജില്ലയിലെ വിപണിയിൽ പിടിമുറുക്കുന്നു. കാലത്തീറ്റയുടെ വില വർദ്ധിച്ചതോടെയാണ് വിലകുറഞ്ഞ ഉത്പന്നം കർഷകരിലെത്തിക്കുന്ന സംഘങ്ങൾ സജീവമായത്. ഭക്ഷ്യവസ്തുക്കളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിമ്മിച്ച ശേഷം ലഭിക്കുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയാണ് വിപണിയിൽ വിലകുറച്ച് എത്തിക്കുന്നത്. വിലക്കുറഞ്ഞ ഇത്തരം കാലിത്തീറ്റ കൊടുക്കുന്നതോടെ പശുക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുന്നതായും ഉത്പാദനക്ഷമത കുറയുന്നതുമായി കണ്ടെത്തിയിട്ടുണ്ട്. മിൽമയുടെ ഗുണനിലവാരമുള്ള ഗോൾഡ് കാലിത്തീറ്റക്ക് 1300രൂപയും ഗോമതിക്ക് 1240രൂപയുമാണ് വില. ജനങ്ങളുടെ ഇടയിൽ സ്വീധീനം ഉണ്ടാക്കിയ ചില സ്വകാര്യകമ്പനികളുടെ കാലിതീറ്റയ്ക്ക് 1250 രൂപയുമാണ് വില. എന്നാൽ ഗുണനിലവാരം കുറഞ്ഞ കാലിത്തീറ്റ 50 കിലോയുടെ ബാഗിന് 1100രൂപയിൽ താഴെയാണ് വില നൽകിയാൽ മതി. സാധാരണ കാലിത്തീറ്റയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടുന്നതിനാൽ പല ക്ഷീരകർഷകരും ഇത്തരം തീറ്റകൾ പശുക്കൾക്ക് നൽകുന്ന പ്രവണത ഇപ്പോൾ കൂടി വരികയാണ്. ഇതിന് പുറമേ ചില പ്രത്യേക ഇനം പിണ്ണാക്ക് കൊണ്ടുള്ള ഗില്ലറ്റുകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്നുമുണ്ട്. ഇതും പാലുത്പാദനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഏജന്റുമാർ കർഷകരിലെത്തും
ഈ കാലിത്തീറ്റ കമ്പനികളുടെ ഏജന്റുമാർ ക്ഷീരകർഷകരുടെ വീടുകളിലടക്കമെത്തി കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ എത്തിക്കാമെന്ന് പറഞ്ഞ് ഓർഡറുകൾ സ്വീകരിക്കും. അതിനുശേഷം ആവശ്യക്കാർക്ക് ഒന്നിച്ച് എത്തിച്ചുനൽകുകയാണ് ചെയ്യുന്നത്. തമിഴ്‌നാട്, മംഗലാപുരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇത്തരം കാലിത്തീറ്റകളെത്തുന്നതെന്നാണ് ഇവർ പറയുന്നത്.
ഉത്പാദനം ബിയറിൽ നിന്ന്
ബിയർ ഉത്പാദിപ്പിച്ചശേഷം ഡിസ്റ്റിലറികളിൽ നിന്ന് പുറംതള്ളുന്ന അവശിഷ്ടങ്ങളാണ് കൂടുതലും ഇത്തരം കാലിത്തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്നത്. ചോളം, കപ്പ, ഗോതമ്പ് തുടങ്ങിയവ സംസ്‌കരിച്ചശേഷം കിട്ടുന്ന അവശിഷ്ടങ്ങൾ കൊണ്ടും കാലിത്തീറ്റകൾ നിർമിക്കാറുണ്ട്. പോഷകം കുറഞ്ഞതും ജലാംശം അടങ്ങിയതുമായ ഇത്തരം ജൈവവസ്തുക്കൾ വളരെ വേഗം കേടാകും. ഇവ കേടാകാതിരിക്കാൻ വൻതോതിൽ രാസപദാർത്ഥങ്ങളും ചേർക്കാറുണ്ട്.
'കാലിത്തീറ്റയിൽ അടങ്ങിയിരിക്കുന്ന അളവ് ആനുപാതികമല്ലെങ്കിൽ കാലികൾക്ക് ആരോഗ്യപ്രശ്‌നം ഉണ്ടാകാം. മൃഗസംരക്ഷണ വകുപ്പിൽ ബന്ധപ്പെട്ടാൽ കർഷകർക്ക് സംശയമുള്ള കാലിത്തീറ്റകൾ പരിശോധന നടത്താനാകും.
-ഡോ. മഞ്ജു, വെറ്ററിനറി വിഭാഗം