തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തിലുള്ള 'റൈസ്' പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുടെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച 11 ന് കട്ടപ്പന സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. നിർവഹിക്കും. ഇടുക്കി കെയർ ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ഡീൻ കുര്യാക്കോസ് എംപി അദ്ധ്യക്ഷത വഹിക്കും. കാർട്ടൂണിസ്റ്റ് ജിതേഷ് ജി., ജിയോജിത് ചെയർമാൻ സി.ജെ. ജോർജ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിലുള്ള എട്ടാംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ വിഭാഗം വിദ്യാർഥികളെയും ഉൾപ്പെടുത്തി നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. 4000 ത്തിന് മുകളിൽ കുട്ടികൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന സ്ഥാപനമായ എ.എൽ.എസും സ്പാർക്ക് കേരളയും ആണ് ഈ പരിപാടിയുടെ പരിശീലനത്തിന് വേണ്ട അക്കാദമിക് സപ്പോർട്ട് നൽകുന്നതെന്നും എം.പി. പറഞ്ഞു.