jeep

ഇടുക്കിയിലെ തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളെ കുത്തിനിറച്ച് അമിതവേഗതയിൽ പായുന്ന ജീപ്പുകൾ അപകടത്തിൽപ്പെടുന്നത് സ്ഥിരം സംഭവമായിട്ടും തടയിടാനാകുന്നില്ല. 10 വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് മുപ്പതോളം പേർക്കാണ്. അപകട മരണങ്ങൾ തുടർക്കഥയായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതിർത്തി ചെക്പോസ്റ്റുകൾ തുറന്നതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തമിഴ് തൊഴിലാളികളുമായി വാഹനങ്ങൾ ചീറിപായുന്നത് വൻ അപകടങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. തോട്ടങ്ങളിൽ തൊഴിലാളികൾ കുറവായതിനാൽ കൂടുതൽ ആളെ എത്തിക്കുന്നതിനു ഡ്രൈവർമാർക്കു കൂടുതൽ തുക ലഭിക്കും. അതുകൊണ്ട് അഞ്ച് മുതൽ എട്ട് പേർക്ക് വരെ യാത്രചെയ്യാനാകുന്ന ജീപ്പുകളിൽ 15 പേരെ വരെ കുത്തിനിറച്ചാണ് അപകടകരമായ യാത്ര. പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ഇടവഴികളിലൂടെയാണ് ഇവർ തൊഴിലാളികളെ കൊണ്ടുപോകുന്നത്. ചെങ്കുത്തായ ഇടുങ്ങിയ റോഡിലൂടെയുള്ള അമിതയാത്രയും അപകടത്തിന് കാരണമാകുന്നുണ്ട്. അപകടങ്ങളേറിയതോടെ കേരള- തമിഴ്‌നാട് അതിർത്തിയിൽ കമ്പംമെട്ട് പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. മോട്ടർ വാഹന വകുപ്പും പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ പരിശോധനകൾ ആരംഭിക്കുന്നതോടെ തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളുടെ വരവ് നിലക്കുമെന്നാണ് കർഷകരുടെ ആശങ്ക.

തോട്ടംതൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ് 13 പേർക്ക് പരിക്ക്

 നാല് പേർക്ക് ഗുരുതര പരിക്ക്

കുമളി: തോട്ടം തൊഴിലാളികളെ കുത്തിനിറച്ച് പണിസ്ഥലത്ത് നിന്ന് മടങ്ങിയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് 13 പേർക്ക് പരിക്ക്. ഇതിൽ നാലുപേരുടെ പരിക്ക് ഗുരുതരമാണ്. തമിഴ്നാട് കമ്പം സ്വദേശികളായ ജിൻസി (30), ജാൻസി (44), കാളീശ്വരി (39), ബോധമണി (30) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഒരാളുടെ ചെവി അറ്റുപോയി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. കടശിക്കടവിലെ തോട്ടത്തിൽ പണിയെടുത്തിരുന്ന 13ലേറെ സ്ത്രീ തൊഴിലാളികളെ ജീപ്പിൽ കമ്പത്തിന് കൊണ്ടുപോകുന്നതിനിടെ മൂന്നാംമൈലിനും രണ്ടാംമൈലിനുമിടയിലെ കുത്തിറക്കത്തിൽ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ദൂരം കുറയ്ക്കാനും പൊലീസ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുമായി ഇടറോഡിൽ കൂടി അമിതവേഗതയിലായിരുന്നു യാത്ര സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്ത ജീപ്പ് വട്ടം കറങ്ങി തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജീപ്പ് കമഴ്ന്ന് കിടന്നതിനാൽ തൊഴിലാളെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെത്തിച്ചത്. കുമളിയിലെ സ്വകാര്യ ആശുപത്രിയിലും കുടുംബാരോഗ്യ കേന്ദ്രത്തിലുമായി പരിക്കേറ്റവർക്ക് ചികിത്സ നൽകി. മൂന്നുപേരുടെ തലയ്ക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റത്തിനാൽ തേനി മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി. പല തൊഴിലാളികൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ജീപ്പിൽ അനധികൃതമായ ആളുകളെ കുത്തിനിറച്ച് ട്രിപ്പ് നടത്തിയതിന് ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.