ഇടുക്കി:മൃഗസംരക്ഷണമേഖലയിലെ ഉപജീവന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. വരുന്ന അഞ്ചു വർഷക്കാലം കൊണ്ട് നൂതന പ്രാദേശിക മാതൃകകൾ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ജില്ലയിൽ ഇടുക്കി ബ്ലോക്കിനെയാണ് കുടുംബശ്രീ മിഷൻ ഇന്റെൻസീവ് ബ്ലോക്കായി തെരഞ്ഞെടുക്കപെട്ടത്. പ്രാഥമികമായി 25 പേർക്കാണ് മൃഗസംരക്ഷണ മേഖലയിൽ ആവശ്യമായ പരിശീലനവും തുടർ പിന്തുണാ സഹായവും ലഭ്യമാക്കുന്നത്.
പരിശീലനത്തിന്റെ ഉദ്ഘാടനം ചെറുതോണി മഹിമ ഓഡിറ്റോറിയത്തിൽ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി. ജി അജേഷ് നിർവ്വഹിച്ചു. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ജിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു . മൂന്നു ദിവസത്തെ ക്യാമ്പിൽ കൃഷി, മൃഗസംരക്ഷണം, തൊഴിലുറപ്പ് വിഭാഗം, ക്ഷീരവികസന വകുപ്പ്, ബാങ്ക്, കുടുംബശ്രീ, വ്യവസായം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംരംഭകരുമായി സംവദിക്കും.