തൊടുപുഴ: കേരളത്തിനൊരു ദുരന്തനിവാരണ നയം വേണമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. കേരളകൗമുദിയും അഗ്‌നിരക്ഷാ സേനയും സംയുക്തമായി വിശിഷ്ട സേവനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെയും പെട്ടിമുടി, കൊക്കയാർ ദുരന്തങ്ങളിൽ സ്തുത്യർഹ സേവനം ചെയ്ത സന്നദ്ധസേനാംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഒരു നയമെന്ന നിലയിൽ ദുരന്തനിവാരണം ഇതുവരെ നമ്മുടെ നാട്ടിൽ പൂർണ്ണതയിലെത്തിയിട്ടില്ല. എല്ലാ ജില്ലയിലും ദുരന്തനിവാരണത്തിന് മാത്രമായി ഒരു ഡെപ്യൂട്ടി കളക്ടറെ നിയമിക്കണമെന്ന് 2018ലെ പ്രളയത്തിന് ശേഷമെടുത്ത പ്രധാനപ്പെട്ട തീരുമാനമായിരുന്നു. എന്നാൽ ഇടുക്കി ജില്ലയിൽ ഇപ്പോഴും ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഒരു ഡെപ്യൂട്ടി കളക്ടറില്ല. കേരളത്തിലെ 13 ജില്ലകളേക്കാൾ അത് ആവശ്യമുള്ല ജില്ലയാണ് ഇടുക്കി. വാർത്താവിനിമയ രംഗത്തടക്കം വലിയ മാറ്റങ്ങൾ വരേണ്ടതുണ്ട്. പെട്ടിമുടി ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിക്കാനൊരു കാരണം വാർത്താവിനിമയ രംഗത്തിന്റെ അപാകതയായിരുന്നു.
പ്രകൃതിദുരന്തത്തെ ആർക്കും തടുത്ത് നിറുത്താനാകില്ല. പരമാവധി നാശനഷ്ടം കുറയ്ക്കുകയാണ് നമുക്ക് ചെയ്യാനാകുക. അതിനാണ് ഒരു നയം വേണമെന്ന് പറയുന്നത്. ദുരന്ത ആഘാത മേഖലകൾ ഏതൊക്കെ, ദുരന്തമുണ്ടാകുന്നതിന് മുമ്പ് നൽകേണ്ട ബോധവത്കരണം, ദുരന്തമുണ്ടായാൽ വളരെ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങൾ, അത്യാഹിതം സംഭവിച്ച മേഖലകളിൽ വീണ്ടും ദുരന്തമുണ്ടായാൽ ആഘാതം എങ്ങനെ കുറയ്ക്കാം തുടങ്ങിയവയെല്ലാം ദുരന്തനിവാരണ നയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു.