നെടുങ്കണ്ടം: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മദ്ധ്യപ്രദേശ് സ്വദേശികളായ ദേവ് സിംഗ്(22), അജയ് സിംഗ്(19), ഹരി(20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടാത്. ചെമ്മണ്ണാറിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ജോലിക്കാരാണ് അന്യസംസംസ്ഥാനക്കാരായ മൂന്നുപേരും. ഉച്ചയ്ക്ക് ശേഷം ബൈക്കിൽ മൂവരും ചെമ്മണ്ണാർ കുത്തുങ്കൽ റൂട്ടിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡിന് താഴേക്ക് മറിയുകയും കുളത്തിൽ പതിക്കുകയുമായിരുന്നു. കൽക്കെട്ടുകളിൽ തലയിടിച്ചാണ് മൂവർക്കും പരുക്കേറ്റത്. അപകടം കണ്ടുനിന്ന സ്ത്രീയുടെ നിലവിളികേട്ടെത്തിയ പ്രദേശവാസികളാണ് ഇവരെ കുളത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. .