നെടുങ്കണ്ടം: വൈദ്യുതി തടസ്സം പതിവായതോടെ തേർഡ്ക്യാമ്പ് ആയുർവേദ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റിന്റെ പ്രവർത്തനം തടസപ്പെടുന്നത് പതിവാകുന്നു. ജനറേറ്ററിന് ക്ഷമത ഇല്ലാത്തതിനാൽ കെ.എസ്.ഇ.ബിയുടെ വൈദ്യുതി തടസപ്പെടുമ്പോൾ എക്‌സ്‌റേ യൂണിറ്റും നിശ്ചലമാകും. ഇതോടെ രോഗികളും ആശുപത്രി അധികൃതരും വെട്ടിലായിരിക്കുകയാണ്. ആശുപത്രിയിലെ വൈദ്യുതി നിലയ്ക്കാതിരിക്കാൻ ജനറേറ്ററുണ്ടെങ്കിലും എക്‌സ്‌റേ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനുള്ള ക്ഷമത ഇതിനില്ല. ഇതോടെ വൈദ്യുതി മുടങ്ങിയാൽ എക്‌സ്‌റേ എടുക്കാൻ കിലോമീറ്ററുകൾ താണ്ടി നെടുങ്കണ്ടത്തോ കട്ടപ്പനയിലോ എത്തേണ്ട അവസ്ഥയിലാണ് രോഗികൾ. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനാൽ ജില്ലയുടെ പല മേഖലകളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും രോഗികൾ ഇവിടെ എത്തുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ആശുപത്രിയുടെ പ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് ആശുപത്രിയിലെ പ്രവർത്തനക്ഷമത കുറഞ്ഞ ജനറേറ്റർ. മൂന്ന് വർഷം മുമ്പാണ് ആശുപത്രിയിൽ എക്‌സ്‌റേ യൂണിറ്റ് സ്ഥാപിച്ചത്. എക്‌സ്‌റേ യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ട് വർഷം മുമ്പ് സ്ഥാപിച്ച ജനറേറ്ററാണ് ഇപ്പോഴും ആശുപത്രിയിൽ ഉപയോഗിക്കുന്നത്. ഇതിനാൽ വൈദ്യുതി മുടങ്ങിയാൽ എക്‌സ്‌റേ യൂണിറ്റ് അടച്ചിടുക മാത്രമാണ് ആശുപത്രി അധികൃതരുടെ മുന്നിലുള്ള പോംവഴി. ഇന്നലെ മുതൽ തേർഡ്ക്യാമ്പ് മേഖലയിൽ മണിക്കൂറുകൾ വൈദ്യുതി മുടങ്ങിയതിനാൽ ആശുപത്രിയിലെത്തിയ നിരവധി രോഗികളാണ് വലഞ്ഞത്. മണിക്കൂറുകൾ കാത്തിരുന്ന ശേഷം പലരും നെടുങ്കണ്ടത്തെത്തിയാണ് എക്‌സ്‌റേ എടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി പല ദിവസങ്ങളിലെയും രോഗികളുടെ അവസ്ഥ ഇതിന് സമാനമാണ്. ഒരേ സമയം ആശുപത്രിയും എക്‌സ്‌റേ യൂണിറ്റും പ്രവർത്തിപ്പിക്കാൻ ക്ഷമതയുള്ള ജനറേറ്റർ സ്ഥാപിക്കാൻ അധികൃതർ മുൻകൈയെടുക്കണമെന്നാണ് ആശുപത്രിയിൽ എത്തുന്ന രോഗികളും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.