തൊടുപുഴ: പെട്ടിമുടിയും കൊക്കയാറുമടക്കമുള്ള ദുരന്തമേഖലകളിൽ രക്ഷകരായ അഗ്നിരക്ഷാ സേനാംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും കേരളകൗമുദിയുടെയും അഗ്നിരക്ഷാസേനയുടെയും ആദരം. തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. എല്ലാവരും ദുരന്തമുഖത്ത് ഇടപെടാൻ കഴിവുള്ളവരായി മാറുന്ന ഒരു സമൂഹം ഇടുക്കി ജില്ലയിൽ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യപ്രതിബദ്ധതയില്ലാത്തവരാണ് ഇപ്പോഴത്തെ ചെറുപ്പക്കാരെന്ന് ചിലർ ആക്ഷേപം പറയുമ്പോൾ, 2018ൽ പ്രളയമുണ്ടായപ്പോൾ ആരുടെയും ആഹ്വാനമില്ലാതെയാണ് യുവാക്കൾ രംഗത്തിറങ്ങിയത്. യുവത്വത്തിന്റെ ആ സമീപനത്തിൽ നിന്നാണ് ഇത്തരം സന്നദ്ധസേനകളെ രൂപീകരിക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. എന്നാൽ ദുരന്തമുഖത്ത് പ്രവർത്തിക്കുമ്പോൾ സാങ്കേതികമായ പിന്തുണയും പരിശീലനവും ആവശ്യമാണ്. ലോക്സഭാംഗമെന്നനിലയിൽ അങ്ങനെയാണ് ഏഴ് നിയോജകമണ്ഡലത്തിലും ചെറിയൊരു വോളന്റീയർ സംഘം താൻ രൂപീകരിച്ചത്. അതുപോലെ യാതൊരു പ്രതിഫലവും വാങ്ങാതെ പ്രവർത്തിക്കാൻ മനസുള്ള സന്നദ്ധപ്രവർത്തകരിവിടെയുണ്ടെന്നും എം.പി പറഞ്ഞു. കേരളകൗമുദി യൂണിറ്റ് ചീഫ് ആർ. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ ഫയർ ഓഫീസർ റെജി വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അഗ്നിരക്ഷാ സേനയിൽ വിശിഷ്ട സേവനം നടത്തിയ തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, അടിമാലി അസി. സ്റ്റേഷൻ ആഫീസർ ഗ്രേഡ് ടി.ആർ. പ്രദീപ്, ഇടുക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി. ജോയി, സീനിയർ ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ അനീഷ് പി. ജോയി എന്നിവരെ ഡീൻ കുര്യാക്കോസ് എം.പി മൊമന്റോ നൽകി ആദരിച്ചു.

പെട്ടിമുടിയിലും കൊക്കയാറും സ്തുത്യർഹമായ സേവനം നടത്തിയ ജില്ലയിലെ നൂറോളം സന്നദ്ധ സേനാ അംഗങ്ങൾക്കാണ് കേരളകൗമുദി പ്രത്യേകസർട്ടിഫിക്കറ്റുകളും അനുമോദനവും നൽകിയത്. ചടങ്ങിൽ തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി. രാജൻ, അടിമാലി അസി. സ്റ്റേഷൻ ആഫീസർ ഗ്രേഡ് ടി.ആർ. പ്രദീപ്, സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ എബി എൽദോ എന്നിവർ ആശംസകളറിയിച്ചു. ഇടുക്കി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.വി. ജോയി സ്വാഗതവും കേരളകൗമുദി ഇടുക്കി ബ്യൂറോ ചീഫ് അഖിൽ സഹായി നന്ദിയും പറഞ്ഞു.