തൊടുപുഴ: മാസ്റ്റർപ്ലാനിൽ സമഗ്ര മാറ്റം വരുത്താൻ പി.ജെ. ജോസഫ് എം.എൽ.എ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ ധാരണയായി. തൊടുപുഴ ടൗണിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മെയിൻ റോഡുകളും ബൈപാസുകളും നിലവിലുള്ള വീതി വർദ്ധിപ്പിച്ച് പുനർനിർമ്മിക്കേണ്ടതില്ല. മുനിസിപ്പൽ റോഡുകൾ അതത് പ്രദേശത്തെ വാർഡ് സഭകളുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ വികസിപ്പിക്കൂ. തൊടുപുഴയുടെ ഭാവി വികസനം വിഭാവനം ചെയ്യാൻ ഒരു വിദഗ്ദ്ധ ഏജൻസിയെ ചുമതലപ്പെടുത്തുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയായിരിക്കും പുതിയ പദ്ധതികൾ വിഭാവനം ചെയ്യുക. ഈ പദ്ധതികൾ മാസ്റ്റർപ്ലാനിന്റെ ഭാഗമായിരിക്കില്ല. മാസ്റ്റർപ്ലാനിലെ നിർദ്ദിഷ്ട മുതലക്കോടം ബൈപാസ് ഉപേക്ഷിക്കും. യോഗത്തിന്റെ ശുപാർശകൾ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച് നടപ്പാക്കണമെന്ന കോൺഗ്രസ് നേതാവ് ജാഫർ ഖാൻ മുഹമ്മദിന്റെ ആവശ്യം അംഗീകരിക്കുന്നതായി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. മാസ്റ്റർപ്ലാനിനെതിരെ വ്യക്തികളും സംഘടനകളും സമർപ്പിച്ചിട്ടുള്ള പരാതികൾ അഡ്വ. ജോസഫ് ജോൺ, മുഹമ്മദ് അഫ്‌സൽ, ജി. ജിതേഷ് എന്നിവരും താനും ഉൾപ്പെട്ട സബ് കമ്മിറ്റി ഇതിനോടകം പരിശോധിച്ചതായി ചെയർമാൻ പറഞ്ഞു. ഭൂരിഭാഗം പരാതികളും അംഗീകരിച്ച് കൊണ്ടാണ് സമിതി തീരുമാനം. മാസ്റ്റർപ്ലാനിൽ കാണിച്ചിട്ടുള്ള ഭൂവിനിയോഗ സോണുകൾ ആക്ഷേപം പരിശോധിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 10 മുതൽ 12 വരെ മീറ്റർ വീതിയുള്ള റോഡുകളുടെ ഇരുവശങ്ങളിലേക്കും 100 മീറ്റർ വീതവും 12 മുതൽ 15 മീറ്റർ വരെ വീതിയുള്ള റോഡുകളുടെ 150 മീറ്ററും 15 മുതൽ 18 വരെ മീറ്റർ വീതിയുള്ള റോഡുകളുടെ ഇരുവശത്തേക്കും 200 മീറ്ററും അതിൽ കൂടുതൽ വീതിയുള്ള റോഡുകൾക്ക് 250 മീറ്ററും മിക്‌സഡ് സോണിൽ ഉൾപ്പെടുത്താനും സബ് കമ്മിറ്റി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. അഗ്രികൾച്ചർ സോണിൽ 2,000 ചതുശ്ര അടി വരെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമ്മിക്കാം. വാഹന പാർക്കിംഗിനും മറ്റ് പൊതു ആവശ്യങ്ങൾക്കും വേണ്ടി മാസ്റ്റർപ്ലാനിൽ റിസർവ് ചെയ്തിട്ടുള്ള വസ്തുക്കളെ മാസ്റ്റർപ്ലാനിൽ നിന്ന് ഒഴിവാക്കാൻ യോഗം ശുപാർശ ചെയ്തു. തിരുത്തൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ നഗരസഭ നടപടി സ്വീകരിക്കണം. മാസ്റ്റർപ്ലാനിലെ 90 ശതമാനം പദ്ധതികളും ഉപേക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ മാസ്റ്റർപ്ലാൻ തന്നെ മരവിപ്പിക്കാൻ കഴിയുമോയെന്ന് മുനിസിപ്പൽ കൗൺസിൽ പുനരാലോചിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, മുസ്ലിം ലീഗ് പ്രതിനിധി കെ.എം.എ ഷുക്കൂർ എന്നിവർ ആവശ്യപ്പെട്ടു. പട്ടണത്തിലെ കച്ചവട സ്ഥാപനങ്ങളെ ബാധിക്കുന്ന റോഡ് വികസന നിർദ്ദേശങ്ങൾ പൂർണമായി ഒഴിവാക്കണമെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക എത്രയും വേഗം പരിഹരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി നിർദ്ദേശിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അബ്ദുൾ കരീം, ടി.എസ്. രാജൻ, ബിന്ദു പത്മകുമാർ എന്നിവരും മുനിസിപ്പൽ കൗൺസിലർമാരായ ഷഹന ജാഫർ, പി ജി രാജശേഖരൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. ജോസി ജേക്കബ്, സി.പി.ഐ നേതാവ് പി.പി. ജോയ്, ജെയിൻ എം. ജോസഫ് എന്നിവരും സംസാരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക് സ്വാഗതവും കൗൺസിലർ അഡ്വ ജോസഫ് ജോൺ നന്ദിയും പറഞ്ഞു.