മുട്ടം: ഗവ. പോളിടെക്‌നിക്ക് കോളേജ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു. നവീകരണത്തിന് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 35 ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രാക്ക് നിർമ്മാണം, പവലിയൻ നവീകരണം, സ്‌പോർട്‌സ് ക്യാബിൻ എന്നിവ നവീകരണത്തിന്റെ ഭാഗമായി സജ്ജമാക്കും. പൊതുമരാമത്ത് കെട്ടിട നിർമ്മാണ വിഭാഗത്തിനാണ് നവീകരണ ചുമതല. ഇടുക്കി ജില്ലയിലെ കായിക മേഖലയുടെ ഉന്നമനത്തിന് ഏറെ സാധ്യതയുള്ള ഈ സ്റ്റേഡിയം അധികൃതരുടെ അവഗണനയെ തുടർന്ന് നാശത്തിന്റെ വക്കിലായിരുന്നു. സാങ്കേതിക വിദ്യാഭാസ വകുപ്പിന്റെ നിയന്ത്രണത്തിലായതിനാൽ തദ്ദേശ സ്ഥാപനങ്ങൾ, സ്‌പോർട്‌സ് കൗൺസിൽ, മറ്റ് വകുപ്പുകൾ എന്നിവയുടെ ഫണ്ട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. നവീകരണ പ്രവർത്തികൾ നടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിലേക്ക് കാട് വളർന്ന് ഭയാനകമായ സാഹചര്യവുമായിരുന്നു. കൂടാതെ ഗർത്തങ്ങൾ നിറഞ്ഞ് പോളിടെക്‌നിക്ക് വിദ്യാർത്ഥികൾക്ക് പോലും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. സ്റ്റേഡിയത്തിന് ചുറ്റിലും ഗ്യാലറി നിർമ്മിക്കാൻ വർഷങ്ങൾക്ക് മുമ്പ് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന് ഗ്യാലറി നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അഴിമതി ആരോപണത്തെ തുടർന്ന് പാതി വഴിയിൽ നിർമ്മാണം സ്തംഭിച്ചു. കാടും വള്ളിപ്പടർപ്പും നിറഞ്ഞ്, ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലാണ് നിലവിൽ ഗ്യാലറി. പിന്നീട് യാതൊരു തുടർ പ്രവർത്തികൾ നടത്താനും ആരും താത്പര്യം എടുത്തില്ല. പോളിടെക്‌നിക്ക് ജീവനക്കാരും ഇതിനോട് മുഖം തിരിച്ചതോടെ വർഷങ്ങളോളം തുടർ പ്രവർത്തികൾ ഒന്നും നടന്നില്ല. എന്നാൽ അടുത്ത നാളിൽ ഫണ്ട് അനുവദിച്ച് നവീകരണ പ്രവർത്തികൾ നടത്തുന്നതിന്റെ സന്തോഷത്തിലാണ് മുട്ടം, തൊടുപുഴ മേഖലകളിലെ സ്‌പോർട്‌സ് പ്രേമികൾ.