
കട്ടപ്പന: സൈക്കിൾ സവാരിക്കിടെ മറിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. കാഞ്ചിയാർ പേഴുംകണ്ടം കുന്നത്ത് വീട്ടിൽ പൗലോസിന്റെ മകൾ ജോബിറ്റയാണ് (18) ഇന്നലെ ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ വഴിയിലൂടെ സൈക്കിൾ ഓടിയ്ക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വീഴ്ചയിൽ പെൺകുട്ടിയുടെ തല കല്ലിൽ ഇടിച്ചാണ് പരിക്കേറ്റത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ലബ്ബക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില വഷളായതോടെ പിന്നീട് സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി. കഴിഞ്ഞ ദിവസം ജോബിറ്റയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല. വെന്റിലേറ്ററിലായിരുന്ന പെൺകുട്ടിയുടെ മരണം ഇന്നലെ ഉച്ചയ്ക്ക് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം തെള്ളകത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജർമ്മൻ ഭാഷാ പഠിതാവാണ് ജോബിറ്റ. ജാൻസിയാണ് മാതാവ്. ജോജി, ജോബി എന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പേഴുകണ്ടം സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയിൽ നടക്കും.