കട്ടപ്പന : ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നടത്തുന്ന സാമൂഹിക വിദ്യാഭ്യാസ പദ്ധതിയായ 'റൈസിന്' കട്ടപ്പനയിൽ തുടക്കമായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും ഉന്നത മേഖലകളിലേയ്ക്ക് കുട്ടികളെ എത്തിക്കാൻ പ്രാപ്തരാക്കുന്നതിനുമാണ് ഡീൻ കുര്യാക്കോസ് രൂപീകരിച്ച ഇടുക്കി കെയർ ഫൗണ്ടേഷന്റെ കീഴിൽ സാമൂഹിക വിദ്യാഭ്യാസ പരിപോഷകത്തിനായി റൈസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സിവിൽ സർവ്വീസ് അക്കാഡമിയായ എ.എൽ.എസും സ്പാർക്ക് കേരളയുമായി സഹകരിച്ചാണ് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ പദ്ധതി നടപ്പാക്കുന്നത്. എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദധാരികളായ വിദ്യാർത്ഥികൾക്ക് സിവിൽ സർവ്വീസ് മത്സര പരീക്ഷാ പരിശീലനം സൗജന്യമായി നൽകുകയാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇതിനോടകം നാലായിരത്തിലധികം വിദ്യാർത്ഥികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയാകും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. ആപ്ലിക്കേഷൻ ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ പുറത്തിറക്കി. എ.എൽ.എസ് ഡയറക്ടർ ജോജോ മാത്യു റൈസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എം.പി. അദ്ധ്യക്ഷനായി. കാർട്ടൂണിസ്റ്റും വിദ്യാഭ്യാസ പരിശീലകനുമായ എസ്. ജിതേഷ്, നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ്, ചീഫ് ടീച്ചേഴ്‌സ് കോർഡിനേറ്റർ വി.ഡി. എബ്രഹാം, സെന്റ് ജോർജ് സ്‌കൂൾ മാനേജർ ഫാ. ജോസഫ് തെക്കേവയലിൽ, എം.കെ. തോമസ്, ജീമോൻ ജേക്കബ്, പ്രശാന്ത് രാജു എന്നിവർ പ്രസംഗിച്ചു.