elam
അഗ്നിബാധയുണ്ടായ ഏലം സ്റ്റോർ

നെടുങ്കണ്ടം: കോമ്പയാറിലെ ഏലം സ്റ്റോറിനുള്ളിൽ ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനവും അഗ്നിബാധയും. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഏലം സ്റ്റോറിന്റെ വാതിലും ജനലും ഷട്ടറും ചിതറിത്തെറിച്ചു. ചില്ലുകൾ തെറിച്ച് സ്റ്റോറിനുള്ളിൽ താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശി രോഹിത്തിന് (19) പരിക്കേറ്റു. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരനായ കോമ്പയാർ ബ്ലോക്ക് നമ്പർ 738ൽ മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലം ഉണക്കി സൂക്ഷിക്കുന്ന ഡ്രയറിലാണ് സ്‌ഫോടനം നടന്നത്. ബഷീറിന്റെ വീടിനോട് ചേർന്നാണ് സ്റ്റോർ സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ വെന്റിലേഷനിലൂടെ മണ്ണെണ്ണയും ടിന്നറും അകത്തേക്ക് നിക്ഷേപിച്ച് തീ പിടിപ്പിച്ചതാണെന്നാണ് പൊലീസ് നിഗമനം. അടഞ്ഞുകിടക്കുന്ന മുറിയിൽ വാതകം തങ്ങി നിന്ന് സമ്മർദത്തെ തുടർന്ന് പൊട്ടിത്തെറി നടന്നെന്നാണ് കരുതുന്നത്. ടിന്നറും മണ്ണെണ്ണയും അകത്തിട്ടയാളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച ശേഷം ഒന്നര വർഷം മുമ്പാണ് ബഷീർ ഡ്രയർ ആരംഭിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയലധികമായി വീട്ടിലില്ലാതിരുന്ന ബഷീർ കഴിഞ്ഞദിവസമാണ് മടങ്ങിയെത്തിയത്. അതിനാൽ സ്റ്റോറിൽ രണ്ടാഴ്ചയായി കാര്യമായ ജോലികളൊന്നുമില്ലായിരുന്നു. കഴിഞ്ഞ നാല് മാസമായി മധ്യപ്രദേശ് സ്വദേശി രോഹിതാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഏലയ്ക്ക ഉണക്കി ഒരു മുറിക്കുള്ളിൽ കാറ്റ് കടക്കാത്ത വിധം സംഭരിച്ചിരുന്നു. ഈ മുറിക്കുള്ളിലുണ്ടായ സ്‌ഫോടനത്തിലാണ് കെട്ടിടത്തിന്റെ ഷട്ടറും ജനലും വാതിലും തകർന്നത്.

സമീപത്ത് താമസിക്കുന്നവർ ഓടിയെത്തിയാണ് തീയണച്ചത്. സ്ഫോടനത്തിൽ 150 കിലോ ഉണക്ക ഏലക്ക നശിച്ചു. നാല് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു, എസ്‌.ഐ അജയകുമാർ,​ വിരലടയാള വിദഗ്ദ്ധർ,​ ബോംബ് സ്‌ക്വാഡ്, ഫോറൻസിക് വിഭാഗം എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി.

സ്‌ഫോടനമുണ്ടായ സാഹചര്യം പരിശോധിക്കാൻ നെടുങ്കണ്ടം പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.